വിവാദ പരാമർശവുമായി വീണ്ടും മനേക ഗാന്ധി; വികസനം വോട്ടുകളുടെ എണ്ണമനുസരിച്ച് മാത്രമെന്ന് പ്രസ്താവന

Jaihind Webdesk
Monday, April 15, 2019

വീണ്ടും വിവാദ പരാമർശവുമായി കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ മനേക ഗാന്ധി രംഗത്ത്. തനിക്ക് കിട്ടുന്ന വോട്ടുകളുടെ എണ്ണമനുസരിച്ച് ഗ്രാമങ്ങളെ എ, ബി, സി, ഡി എന്നിങ്ങനെ തരംതിരിച്ചാകും വികസന പ്രവർത്തനങ്ങൾ നടത്തുകയെന്ന് മനേകാ ഗാന്ധി മുന്നറിയിപ്പ് നൽകി. സുൽത്താൻപുരിലെ തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു മനേകയുടെ വിവാദ പ്രസ്താവന.

ബിജെപിക്ക് 80 ശതമാനം വോട്ട് കിട്ടുന്ന ഗ്രാമങ്ങളെ എ കാറ്റഗറിയിൽ ഉൾപ്പെടുത്തും. 60 ശതമാനം പേർ ബിജെപിക്ക് വോട്ട് ചെയ്താൽ ബി കാറ്റഗറിയിൽ. 50 ശതമാനം വോട്ട് ലഭിക്കുന്ന ഗ്രാമങ്ങളെ സി എന്നും 30 ശതമാനവും അതിന് താഴെയുമുള്ള ഗ്രാമത്തെ ഡി എന്നും തരം തിരിച്ചാകും വികസനപ്രവർത്തനങ്ങളും മറ്റു മുൻഗണനകളും നൽകുകയെന്ന് മനേക ഗാന്ധി അറിയിച്ചു. താൻ മുമ്പ് മത്സരിച്ച പിലിഭിത്തിൽ ഈയൊരു സംവിധാനം മികച്ച രീതിയിൽ നടത്തിയിരുന്നെന്നും അവർ പറഞ്ഞു. എന്നാൽ ഇതിനു മുമ്പും മനേക വിവാദ പരാമർശം നടത്തിയിരുന്നു. എനിക്ക് മുസ്ലിംകൾ വോട്ട് ചെയ്തില്ലെങ്കിൽ ഞാൻ എംപിയായാൽ അവർക്ക് ഒരു സഹായവും നൽകില്ലെന്നായരുന്നു അവരുടെ പ്രസ്താവന.

മകൻ വരുൺ ഗാന്ധി മത്സരിച്ചിരുന്ന സുൽത്താൻപുരിലാണ് ഇത്തവണ മനേകാ ഗാന്ധി മത്സരിക്കുന്നത്. മേനക മത്സരിച്ചിരുന്ന പിലിഭിത്തിൽ വരുണും മത്സരിക്കും.