തദ്ദേശ തെരഞ്ഞെടുപ്പ് : വിവാദങ്ങള്‍ക്കിടെ കരട് വോട്ടർ പട്ടിക നാളെ പ്രസിദ്ധീകരിക്കും

Jaihind News Bureau
Sunday, January 19, 2020

വിവാദങ്ങൾക്കിടെ തദ്ദേശ തെരഞ്ഞെടുപ്പിനുള്ള കരട് വോട്ടർ പട്ടിക നാളെ പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ വി ഭാസ്‌കരൻ അറിയിച്ചു. ഫെബ്രുവരി 28നാണ് അന്തിമ പട്ടിക പ്രസിദ്ധീകരിക്കുന്നത്. പ്രതിഷേധത്തിനിടെയാണ് 2015 ലെ വോട്ടർ പട്ടിക ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരുങ്ങുന്നത്.

കരട് പട്ടിക സംബന്ധിച്ച അപേക്ഷകളും ആക്ഷേപങ്ങളും നാളെ മുതൽ ഫെബ്രുവരി 14 വരെ ഇലക്ടറൽ റജിസ്ട്രേഷൻ ഓഫീസർമാർക്ക് സമർപ്പിക്കാം. ഗ്രാമപഞ്ചായത്ത്, നഗരസഭകളിൽ സെക്രട്ടറിമാരും കോർപറേഷനുകളിൽ അഡീഷണൽ സെക്രട്ടറിമാരുമാണ് ഇലക്ടറൽ റജിസ്‌ട്രേഷൻ ഓഫീസർമാർ. പഞ്ചായത്തുകളില്‍ പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടർമാരും മുനിസിപ്പാലിറ്റി, കോർപറേഷൻ എന്നിവിടങ്ങളില്‍ നഗരകാര്യ റീജണൽ ഡയറക്ടർമാരുമാണ് അധികാരികള്‍.  2020 ജനുവരി ഒന്നിനോ അതിന് മുമ്പോ 18 വയസ് തികഞ്ഞവർക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കാം. ഓൺലൈൻ അപേക്ഷകൾ www.lsgelection.kerala.gov.in എന്ന വെബ്സൈറ്റ് വഴിയാണ് സമർപ്പിക്കേണ്ടത്. പട്ടിക എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, വില്ലേജ് ഓഫിസുകൾ, താലൂക്ക് ഓഫിസുകൾ, വെബ്സൈറ്റ് എന്നിവയിൽ ലഭ്യമാകും.

2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഉപയോഗിച്ച പട്ടികയാണ് വാർഡ് അടിസ്ഥാനത്തിൽ ക്രമീകരിച്ച് 2015 ലെ തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിന് ഉപയോഗിച്ചത്. ഇതേ പട്ടിക തന്നെ  ഇപ്പോള്‍ ഉപയോഗിക്കാനുള്ള നീക്കത്തിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു. 2015 ലെ വോട്ടർ പട്ടിക ഉപയോഗിക്കാനുള്ള നീക്കം പ്രായോഗികമല്ലെന്നും ജനങ്ങളെ ബുദ്ധിമുട്ടിക്കാനാവില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. 40 ലക്ഷം പേരുകളെങ്കിലും പുതുതായി വോട്ടർപട്ടികയില്‍ ചേർക്കേണ്ടിവരുമെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.