വോട്ടര്‍ പട്ടികയിലെ ക്രമക്കേട് : കെപിസിസി തെളിവെടുപ്പ് ആരംഭിക്കും

Jaihind Webdesk
Tuesday, May 28, 2019

വോട്ടര്‍ പട്ടികയിലെ ക്രമക്കേടുകള്‍ സംബന്ധിച്ച് ജില്ലകള്‍ സന്ദര്‍ശിച്ച് കെപിസിസി സബ്കമ്മിറ്റി തെളിവുകള്‍ ശേഖരിക്കും. ഇത് സംബന്ധിച്ച അന്വേഷണത്തിനായി കെപിസിസി നിയോഗിച്ച സബ്കമ്മറ്റി യോഗത്തിന്‍റേതാണ് തീരുമാനം. കെപിസിസി ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ കണ്‍വീനര്‍ കെ.സി. ജോസഫ് എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു. കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി, യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍ എംപി, കെപിസിസി വര്‍ക്കിംഗ് പ്രസിഡന്‍റ് കൊടിക്കുന്നില്‍ സുരേഷ് എംപി എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.

ജൂണ്‍ ഒന്നാം തീയതി രാവിലെ 10 മണിയ്ക്ക് ആലപ്പുഴ, ഉച്ചകഴിഞ്ഞ് 4 മണിക്ക് പത്തനംതിട്ട, രണ്ടാം തീയതി ഞായറാഴ്ച രാവിലെ 10 മണിയ്ക്ക് കാസര്‍കോട് (കാഞ്ഞങ്ങാട്), 2 മണി കണ്ണൂര്‍, ജൂണ്‍ 7 രാവിലെ കോട്ടയം, ഉച്ചകഴിഞ്ഞ് 4 മണിയ്ക്ക് എറണാകുളം, 9-ആം തീയതി 2 മണിയ്ക്ക് ഇടുക്കി (മൂന്നാര്‍), 10 തിങ്കളാഴ്ച 4 മണിക്ക് തിരുവനന്തപുരം എന്നിവിടങ്ങളില്‍ വെച്ച് ഒന്നാംഘട്ട തെളിവെടുപ്പ് നടത്തും.

യോഗത്തില്‍ എംഎല്‍എമാരായ സണ്ണി ജോസഫ്, ഐ.സി. ബാലകൃഷ്ണന്‍, കെപിസിസി ജനറല്‍ സെക്രട്ടറിമാരായ പി.എം. സുരേഷ് ബാബു, കെ.പി. കുഞ്ഞിക്കണ്ണന്‍, എന്‍. സുബ്രഹ്മണ്യന്‍, കെ.പി. അനില്‍കുമാര്‍, സജീവ് ജോസഫ്, സുമ ബാലകൃഷ്ണന്‍, ഡിസിസി പ്രസിഡന്‍റുമാരായ വി.വി. പ്രകാശ്, ജോഷി ഫിലിപ്പ്, നെയ്യാറ്റിന്‍കര സനല്‍, ഇബ്രാഹിംകുട്ടി കല്ലാര്‍, എം. ലിജു, ഹക്കിം കുന്നില്‍ എന്നിവരും പങ്കെടുത്തു.