കൊടിമര വിവാദം: തനിക്ക് വധഭീഷണിയെന്ന് ബ്രണ്ണന്‍ കോളേജ് പ്രിന്‍സിപ്പല്‍

Jaihind Webdesk
Thursday, July 18, 2019

ധർമ്മടം ബ്രണ്ണൻ കോളേജിലെ കൊടിമര വിവാദവുമായി ബന്ധപ്പെട്ട് ബ്രണ്ണൻ കോളേജ് പ്രിൻസിപ്പല്‍ എ.ബി.വി.പി പ്രവർത്തകർ ഭീഷണിപ്പെടുത്തിയതായി പരാതി. നേരിട്ടും ഫോണിലൂടെയും വധഭീഷണിയുണ്ടെന്ന് പ്രിൻസിപ്പൽ കെ ഫൽഗുനൻ പറഞ്ഞു. കോളേജ് ക്യാമ്പസിൽ കൊടിയും തോരണങ്ങളും സ്ഥാപിക്കാൻ പാടില്ലെന്ന ഹൈക്കോടതി വിധി എസ്.എഫ്.ഐ അടക്കമുള്ള ഒരു സംഘടനകളും പാലിക്കുന്നില്ലെന്നും പ്രിൻസിപ്പല്‍ പറഞ്ഞു.

ധർമ്മടം ബ്രണ്ണൻ കോളേജിൽ കഴിഞ്ഞ ദിവസം എ.ബി.വി.പി സ്ഥാപിച്ച കൊടിമരം പ്രിൻസിപ്പാൾ നീക്കം ചെയ്തത് വിവാദം ആയിരുന്നു. ഇന്ന് വീണ്ടും എ.ബി.വി.പി പ്രവർത്തകർ കോളേജിൽ കൊടിമരം സ്ഥാപിക്കാനായി എത്തി. ആദ്യം പോലീസ് തടഞ്ഞെങ്കിലും പിന്നീട് എ.ബി.വി.പി പ്രവർത്തകർ പോലീസ് അനുമതിയോടെ കൊടിമരം സ്ഥാപിച്ചു. എ.ബി.വി.പി പ്രവർത്തകർ തന്നെ ഭീഷണിപ്പെടുത്തിയാണ് വീണ്ടും കൊടിമരം സ്ഥാപിച്ചതെന്ന് ബ്രണ്ണൻ കോളജ് പ്രിൻസിപ്പൽ കെ ഫൽഗുനൻ പറഞ്ഞു. നേരിട്ടും ഫോണിലൂടെയും വധഭീഷണിയുണ്ടെന്നും പ്രിൻസിപ്പാൾ പറഞ്ഞു.

പുതിയ കൊടിമരം സ്ഥാപിക്കാൻ അനുമതി നൽകിയിട്ടില്ല. നിയമം ലംഘിച്ചാണ് കൊടിമരം വീണ്ടും സ്ഥാപിച്ചത്. പൊലീസിനെ ക്യാമ്പസിനകത്ത് കയറ്റാതെ പ്രശ്നങ്ങൾ പരിഹരിക്കാനാണ് ഇന്നലെ കൊടിമരം സ്വമേധയാ എടുത്തുമാറ്റിയത്. പൊലീസ് സുരക്ഷ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ക്യാമ്പസിൽ സംഘർഷ സാധ്യതയുണ്ടെന്നും പ്രിൻസിപ്പൽ പറഞ്ഞു. ക്യാമ്പസിനകത്ത് കൊടിയും തോരണവും സ്ഥാപിക്കുന്നത് വിലക്കിയ ഹൈക്കോടതി വിധി എസ്.എഫ്.ഐ അടക്കമുള്ള ഒരു സംഘടനകളും പാലിക്കുന്നില്ലെന്നും പ്രിൻസിപ്പാൾ കുറ്റപ്പെടുത്തി.