അയ്യപ്പ ഭക്തരെ കെ എസ് ആര്‍ ടി സി കൊള്ളയടിക്കുന്നു : രമേശ് ചെന്നിത്തല

Jaihind Webdesk
Tuesday, September 18, 2018

നിലക്കല്‍ – പമ്പ റൂട്ടിലോടുന്ന കെ.എസ്.ആര്‍.ടി.സി ബസുകളില്‍ ടിക്കറ്റ് നിരക്കില്‍ ഒറ്റയടിക്ക് വന്‍ വര്‍ദ്ധന വരുത്തിയ തിരുമാനം ഉടന്‍ പിന്‍വലിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടു. പ്രളയത്തില്‍ പമ്പാ തീരവും, പാര്‍ക്കിംഗ് മേഖലകളും ഒലിച്ച് പോയത് കൊണ്ടാണ് നിലക്കലില്‍ അയ്യപ്പ ഭക്തരുടെ വാഹനങ്ങള്‍ തടഞ്ഞ് അവിടെ നിന്ന് കെ എസ് ആര്‍ ടി ബസുമാത്രം പമ്പയിലേക്ക് ഏര്‍പ്പെടുത്തിയത്. എന്നാല്‍ ഇത് അയ്യപ്പ ഭക്തരെ കൊള്ളയടിക്കുന്നതിനുള്ള മാര്‍ഗമായി മാറരുത്. നേരത്തെ നിലക്കല്‍ പമ്പ റൂട്ടില്‍ 31 രൂപ മാത്രമായിരുന്നു ടിക്കറ്റ് നിരക്ക്. എന്നാല്‍ ഇപ്പോള്‍ അത് 40 രൂപയാക്കി മാറ്റി.

പമ്പയും പരിസര പ്രദേശങ്ങളും മഹാപ്രളയത്തില്‍ തകര്‍ന്ന് തരിപ്പണമായിരിക്കുകയാണ്. കേരളത്തിനകത്തും പുറത്തും നിന്നെത്തുന്ന അയ്യപ്പഭക്തര്‍ക്ക് ദര്‍ശനം നടത്താന്‍ പോലും വളരെയേറെ ബുദ്ധി മുട്ടായിരിക്കുകയാണ്. ദേവസ്വം ബോര്‍ഡിന് മാത്രമായി ചെയ്യാന്‍ കഴിയാത്തതിനാല്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെട്ട് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നാവശ്യപ്പെട്ട് താന്‍ നേരത്തെ കത്ത് നല്‍കിയിരുന്ന കാര്യവും രമേശ് ചെന്നിത്തല മുഖ്യമന്ത്രിയെ ഓര്‍മിപ്പിച്ചു. ഈ സന്ദര്‍ഭത്തിലാണ് കൂനില്‍മേല്‍ കുരുവെന്ന പോല്‍ ഈ നിരക്ക് വര്‍ധന സര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കുന്നത്. ഇത് അടിയന്തിരമായി പിന്‍വലിക്കണമെന്നും രമേശ് ചെന്നിത്തല കത്തില്‍ ആവശ്യപ്പെട്ടു.

മണ്ഡല കാലം ആരംഭിക്കാന്‍ കഷ്ടിച്ച് രണ്ട് മാസത്തില്‍ താഴെയുള്ളുവെന്നത് കൊണ്ട് നിരക്ക് വര്‍ധന അടിയന്തിരമായി പിന്‍വലിച്ചേ മതിയാകൂ എന്നും രമേശ് ചെന്നിത്തല കത്തില്‍ ആവശ്യപ്പെട്ടു.[yop_poll id=2]