എസ്.എഫ്.ഐ ഗുണ്ടാ വിളയാട്ടം : കോണ്‍ഗ്രസ് ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധ പ്രകടനങ്ങള്‍ നടത്തും

Jaihind News Bureau
Saturday, November 30, 2019

യൂണിവേഴ്‌സിറ്റി കോളേജിലെ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാനവ്യാപകമായി കോൺഗ്രസ് ഇന്ന് പ്രതിഷേധപ്രകടനങ്ങള്‍ സംഘടിപ്പിക്കും. കെ.പി.സി.സിയുടെ ആഭിമുഖ്യത്തിൽ മണ്ഡലം തലത്തിലാണ് പ്രതിഷേധ പ്രകടനം നടക്കുക. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരാണ് പ്രതിഷേധ പ്രകടനത്തിന് ആഹ്വാനം ചെയ്തത്.

യൂണിവേഴ്‌സിറ്റി കോളേജിലെ അക്രമ സംഭവങ്ങളിൽ പ്രിൻസിപ്പാളിന് പരാതി നൽകാൻ എത്തിയ കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റ് കെ.എം അഭിജിത്തിനെ ഇന്നലെയാണ് എസ്.എഫ്‌.ഐ പ്രവർത്തകർ ക്രൂരമായി മർദ്ദിച്ചത്. തലക്ക് ഗുരുതരമായി പരിക്കേറ്റ അഭിജിത് ആശുപത്രിയിൽ ചികിത്സയിലാണ്. ആണി തറച്ച വടിയും, ഇരുമ്പ് ദണ്ഡും ഉപയോഗിച്ച് എസ്.എഫ്.ഐ ക്രിമിനലുകള്‍ നടത്തിയ ആക്രമണത്തില്‍ അഭിജിത് ഉള്‍പ്പെടെ 4 പേർക്ക് പരിക്കേറ്റു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും എം.എം ഹസനും ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ സംഘർഷ സ്ഥലത്ത് എത്തി. നേതാക്കള്‍ സ്ഥലത്ത് കുത്തിയിരുന്ന് പ്രതിഷേധിച്ചു. മണിക്കൂറുകൾ നീണ്ട സഘർഷത്തിനൊടുവിൽ എസ്.എഫ്‌.ഐ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

അതേസമയം എസ്.എഫ്.ഐ പ്രവർത്തകർ ക്രൂരമായി മർദിച്ച കെ.എസ്.യു പ്രവർത്തകൻ നിതിൻ രാജിന്‍റെ സർട്ടിഫിറ്റുകള്‍  മുഴുവന്‍ എസ്.എഫ്‌.ഐ പ്രവര്‍ത്തകര്‍  തീവെച്ച് നശിപ്പിച്ചു. സർട്ടിഫിക്കറ്റുകൾക്ക് പുറമേ ഹോസ്റ്റൽ മുറിയിൽ ഉണ്ടായിരുന്ന മുഴുവൻ സാധനങ്ങളും നശിപ്പിച്ചു. തുടർച്ചയായ അക്രമ സംഭവങ്ങൾക്കെതിരെ നിയമ നടപടിക്ക് ഒരുങ്ങുകയാണ് കെ.എസ്.യു നേതൃത്വം.