ബ്രസീലിൽ അണക്കെട്ട് തകർന്ന് മരിച്ചവരുടെ എണ്ണം 50 കവിഞ്ഞു

Jaihind Webdesk
Monday, January 28, 2019

Brazil-Dam-Collapse-001

ബ്രസീലിൽ ഖനന കമ്പനിയോടു ചേർന്നുള്ള അണക്കെട്ട് തകർന്ന് മരിച്ചവരുടെ എണ്ണം 50 കവിഞ്ഞു. കനത്ത വെള്ളപ്പാച്ചിലിൽ നാനൂറോളം പേരെ കാണാതായെന്നാണ് റിപ്പോർട്ട്. വെള്ളിയാഴ്ച രാത്രി മിനസ് സംസ്ഥാനത്ത് ബ്രുമാൻഡിഞ്ഞോ അണക്കെട്ടാണ് തകർന്നത്.

തെക്കുകിഴക്കൻ സംസ്ഥാനമായ മിനാസ് ഗെരെയ്‌സിലെ ബ്രൂമാഡീഞ്യോ പട്ടണത്തിൽ പ്രവർത്തിക്കുന്ന ഇരുമ്പ് ഖനിയിലെ അവശിഷ്ടങ്ങൾ നിക്ഷേപിച്ചിരുന്ന അണക്കെട്ടാണു തകർന്നത്. വെള്ളിയാഴ്ച തൊഴിലാളികൾ ഉച്ചഭക്ഷണം കഴിച്ചു കൊണ്ടിരിക്കേയായിരുന്നു ദുരന്തം.

ഡാമിൽ കെട്ടിക്കിടന്നിരുന്ന ചെളി അതിശക്തിയോടെ ഒലിച്ചെത്തി കമ്പനിയുടെ കെട്ടിടങ്ങളെ മുഴുവൻ വിഴുങ്ങി. സമീപത്തെ ജനവാസ കേന്ദ്രവും ചെളിയിൽ മൂടുകയും റോഡുകൾ ഉപയോഗ ശൂന്യമാവുകയും ചെയ്തു. രക്ഷാപ്രവർത്തനം തുടരുന്നതിനിടെ ശനിയാഴ്ച 90ഓളം പേരെ രക്ഷപ്പെടുത്താനായത് പ്രതീക്ഷ പകർന്നു.  എന്നാൽ ഇനിയും 300ലധികം പേരെ കണ്ടെത്താനുണ്ട്.

ഇതിനിടെ സമീപത്തുള്ള രണ്ടാമതൊരു ഡാമും തകർന്നേക്കാമെന്നു ഭീതിപരന്നു. പ്രദേശത്തെ 24,000 പേരോട് ഉയർന്ന സ്ഥലങ്ങളിലേക്കു മാറാൻ അധികൃതർ നിർദേശിച്ചു. ലോഹാവശിഷ്ടങ്ങൾ അടങ്ങുന്ന ചെളിവെള്ളം പരന്നത് വലിയ പരിസ്ഥിതി മലിനീകരണത്തിനു കാരണമാകുമോയെന്നും ഭയക്കുന്നു.