മധ്യപ്രദേശിലും രാജസ്ഥാനിലും താമര വാടും; ഛത്തീസ്ഗഡിലും ബിജെപിയ്ക്ക് പ്രതീക്ഷയില്ല

B.S. Shiju
Friday, November 2, 2018

നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന മധ്യപ്രദേശിലും രാജസ്ഥാനിലും ബിജെപിയ്ക്കെതിരായ ജനവികാരമാണ് ഉയര്‍ന്നു വരുന്നത്. രാജസ്ഥാനില്‍ പല അഭിപ്രായ സര്‍വ്വേകളും നേരത്തെ തന്നെ വ്യക്തമാക്കിയത് വസുന്ധര രാജെ സിന്ധ്യയ്ക്കും ബിജെപിയ്ക്കും എതിരെ ശക്തമായ ജനവികാരമാണ് തെരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് പ്രതിഫലിക്കുന്നത് എന്നാണ് തെരഞ്ഞെടുപ്പ് രംഗം നല്‍കുന്ന സൂചനകള്‍. എന്നാല്‍ മധ്യപ്രദേശില്‍ കോണ്‍ഗ്രസും ബിജെപിയും ഒപ്പത്തിനൊപ്പം എത്തുമെന്നായിരുന്നു ചില സര്‍വ്വെകള്‍ വ്യക്തമാക്കിയത്. എന്നാല്‍ മധ്യപ്രദേശിലെ സംസ്ഥാന ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് ബിജെപിയ്ക്ക് എതിരാണ്.

മധ്യപ്രദേശിലും കോണ്‍ഗ്രസ് ശക്തമായി തിരിച്ചുവരുമെന്നാണ് ഒക്ടോബര്‍ 30ന് സംസ്ഥാന മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൌഹാന് ഇന്‍റലിജന്‍സ് വിഭാഗം നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. ഭരണവിരുദ്ധ തരംഗം സംസ്ഥാനത്തെ പല മേഖലകളിലും പ്രതിഫലിക്കുന്നുണ്ടെന്ന് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടില്‍ സൂചന നല്‍കുന്നു. ഇതോടൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ റഫേല്‍ അഴിമതി ആരോപണവും കാര്‍ഷികമേഖലയിലെ തകര്‍ച്ചയും നോട്ട് നിരോധനത്തിന്‍റെയും അശാസ്ത്രീയമായ ജിഎസ്ടി നടപ്പാക്കിയതും ജനങ്ങളെ തെരഞ്ഞെടുപ്പ് നടക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും ദുരിതത്തില്‍ ആക്കി. ഇതിന്‍റെ സൂചനകളാണ് തെരഞ്ഞെടുപ്പ് പ്രചരണരംഗത്ത് പ്രതിഫലിക്കുന്നത്.

ഛത്തീസ്ഗഡിലും ബിജെപിയ്ക്ക് അമിത പ്രതീക്ഷയ്ക്ക് വകയില്ലെന്ന് തന്നെയാണ് സൂചനകള്‍ മോദിയുടെയും ബിജെപി സംസ്ഥാന മുഖ്യമന്ത്രിമാരുടെയും പ്രതിച്ഛായ ഉയര്‍ത്തിക്കാട്ടിയാല്‍ നേട്ടമുണ്ടാകില്ലെന്നാണ് ഒടുവില്‍ സംഘപരിവാര്‍ നേതൃത്വത്തിന്‍റെ വിലയിരുത്തല്‍. ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ മുന്നോടിയായി ഇന്ത്യയുടെ ഹൃദയ ഭൂമിയില്‍ നടക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പുകളില്‍ ബിജെപിയ്ക്ക് പരാജയം നേരിട്ടാല്‍ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിലും പ്രതീക്ഷ വേണ്ടെന്നാണ് സംഘപരിവാര്‍ സംഘടനകളുടെ പണ്ഡിതന്മാരുടെ ഒടുവിലത്തെ നിരീക്ഷണം. ഇതിന്‍റെ ഭാഗമായാണ് പെട്ടെന്ന് തന്നെ അയോധ്യ വിഷയം ഉയര്‍ത്തിക്കൊണ്ട് വന്ന് ഹിന്ദുത്വ വികാരം ഇളക്കിവിടാന്‍ സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വം തീരുമാനിച്ചത്.

ആര്‍എസ്എസ് സര്‍സംഘ്ചാലക് മോഹന്‍ ഭാഗവത് ബിജെപി അധ്യക്ഷന്‍ അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം 1992 മോഡല്‍ രാമക്ഷേത്ര പ്രക്ഷോഭം ഉയര്‍ത്തിക്കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. ഈ കാര്യം മോഹന്‍ ഭാഗവത് തന്നെ അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം വ്യക്തമാക്കിയിട്ടുണ്ട്. എന്തായാലും നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് പ്രതീക്ഷയ്ക്ക് വകനല്‍കുന്നതല്ലെന്നാണ് സൂചനയും യാഥാര്‍ത്ഥ്യവും.