പെഹ്ലു ഖാന്‍ വധക്കേസ്: പ്രതികളെ വെറുതെ വിട്ടതിനെതിരെ രാജസ്ഥാന്‍ സര്‍ക്കാര്‍ അപ്പീല്‍ നല്‍കും

Jaihind Webdesk
Thursday, August 15, 2019

പശുക്കടത്ത് ആരോപിച്ച് രാജസ്ഥാനില്‍ പെഹ്ലു ഖാനെ കൊല്ലപ്പെടുത്തിയ കേസില്‍ പ്രതികളായ ആറ് പേരെയും വെറുതെ വിട്ട കോടതി നടപടിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് വ്യക്തമാക്കി. ആള്‍ക്കൂട്ട കൊലപാതകത്തിനെതിരായ നിയമം ഈ മാസം രാജസ്ഥാനില്‍ പാസായിരുന്നു. അതിനാല്‍ തന്നെ പെഹ്ലുഖാന്റെ കുടുംബത്തിന് നീതി നേടിക്കൊടുക്കാന്‍ തങ്ങള്‍ ബാധ്യസ്ഥരുമാണ്- ഗെഹ്ലോട്ട് പറഞ്ഞു. നേരത്തെ, ആള്‍വാറിലെ വിചാരണ കോടതിയാണ് പെഹ്ലു ഖാന്‍ വധക്കേസിലെ പ്രതികളെ വെറുതെ വിട്ടത്. 2017 എപ്രില്‍ ഒന്നിനാണ് പശുവിനെ കടത്തിയെന്ന് ആരോപിച്ച് ആള്‍ക്കൂട്ടം പെഹ്ലു ഖാനെ മര്‍ദ്ദിച്ചത്. ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് പെഹ്ലു ഖാന്‍ മരിച്ചത്. പെഹ്ലുഖാനെ ആള്‍ക്കൂട്ടം അക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. എന്നാല്‍, സംശയത്തിന്റെ ആനുകൂല്യം നല്‍കിയാണ് പ്രതികളെ കോടതി വെറുതെ വിട്ടത്. ജയ്പുരിലെ ചന്തയില്‍നിന്നു വാങ്ങിയ കന്നുകാലികളെ ഹരിയാനയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് പെഹ്ലു ഖാനുനേരെ ആക്രമണം ഉണ്ടായത്.