കേന്ദ്രം ഫണ്ട് നിഷേധിച്ചു ; മദ്രസകള്‍ക്ക് 1.88 കോടി അനുവദിച്ച് അശോക് ഗെഹ്‌ലോട്ട്‌ സര്‍ക്കാർ

Jaihind Webdesk
Saturday, November 16, 2019

രാജസ്ഥാനില്‍ മദ്രസകള്‍ക്ക് വന്‍ ധനസഹായവുമായി അശോക് ഗെഹ്‌ലോട്ട്‌ സർക്കാർ. കേന്ദ്രം മദ്രസകള്‍ക്കുള്ള ഫണ്ട് നിഷേധിച്ചതിന് പിന്നാലെയാണ് കോണ്‍ഗ്രസ് സര്‍ക്കാരിന്‍റെ ശക്തമായ നീക്കം. മദ്രസകൾക്കുള്ള കേന്ദ്രസർക്കാർ ഫണ്ട് നിഷേധിക്കപ്പെട്ട സാഹചര്യത്തിൽ ഗെഹ്‌ലോട്ട്‌ സർക്കാർ മദ്രസകൾക്ക് 188 ലക്ഷം രൂപ ഗ്രാന്‍റ് പ്രഖ്യാപിച്ചു. മദ്രസ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസത്തിനാവശ്യമായ സൗകര്യങ്ങൾ ഒരുക്കുമെന്നും സർക്കാർ വ്യക്തമാക്കി. മോദി സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ വെറും പാഴ്‌വാക്ക്‌ മാത്രമായിരുന്നുവെന്നും ന്യൂനപക്ഷങ്ങളെ ദ്രോഹിക്കുന്ന നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നതെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

മദ്രസകള്‍ക്ക് നല്‍കിവന്നിരുന്ന ധനസഹായം കാരണം വ്യക്തമാക്കാതെ കേന്ദ്രസർക്കാർ നിർത്തലാക്കുകയായിരുന്നു. മുസ്ലിം വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസത്തെ പ്രതികൂലമായി ബാധിക്കുന്നതായിരുന്നു കേന്ദ്ര സർക്കാരിന്‍റെ നീക്കം. എന്നാല്‍ ഇതിനെ മറികടക്കാന്‍ ശക്തമായ നടപടിയുമായി രംഗത്തെത്തിയ അശോക് ഗെഹ്‌ലോട്ട്‌ സർക്കാരിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. രാജസ്ഥാനിലെ മദ്രസകൾക്ക് ഫണ്ട് നിഷേധിക്കുന്ന കേന്ദ്ര സർക്കാർ നയം ഒരുവിഭാഗത്തെ തൃപ്തിപ്പെടുത്താനുദ്ദേശിച്ചുള്ളതാണെന്നും അശോക് ഗെഹ്‌ലോട്ട്‌ സർക്കാറിന്‍റെ ശക്തമായ നിലപാടിന് നന്ദി അറിയിക്കുന്നതായും രാജസ്ഥാൻ ന്യൂനപക്ഷകാര്യമന്ത്രി സാലിഹ് മുഹമ്മദ് പറഞ്ഞു.

കേന്ദ്ര സർക്കാറിൽ നിന്നുള്ള സാമ്പത്തികസഹായം ലഭ്യമാകാത്തതിനെ തുടർന്ന് രാജസ്ഥാനിലെ 3,240 മദ്രസകൾ അടച്ചപൂട്ടൽ ഭീഷണിയിലായിരുന്നു. ഈ സാഹചര്യത്തിലാണ് ഗെഹലോട്ട് സർക്കാർ സഹായവുമായി മുന്നോട്ടുവന്നത്. മദ്രസ ബോർഡിന് കീഴിലുള്ള പ്രൈമറി ലെവൽ മദ്രസകൾക്ക് 5,000  രൂപയും അപ്പർ പ്രൈമറി ലെവൽ മദ്രസകൾക്ക് 12,000 രൂപയും വീതമാണ് രാജസ്ഥാൻ സ്‌കൂൾ എജ്യുക്കേഷൻ കൗൺസിൽ വഴി കേന്ദ്ര സർക്കാർ ഗ്രാന്‍റായി നല്‍കിയിരുന്നത്.

മദ്രസാ നവീകരണ പദ്ധതി പ്രകാരമാണ് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്‌ 188 ലക്ഷം രൂപ അനുവദിച്ചത്. അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നത് അടക്കമുള്ള നവീകരണ പദ്ധതികൾക്കായി ഫണ്ട് ഉപയോഗപ്പെടുത്തും. സംസ്ഥാന സർക്കാരിന്‍റെ ധനസഹായം ലഭ്യമാകുന്നതോടെ മദ്രസകളുടെ പ്രവർത്തനം തടസപ്പെടില്ലെന്ന്   സർക്കാർ പത്രക്കുറിപ്പിൽ അറിയിച്ചു. അതേസമയം കേന്ദ്രം തടഞ്ഞുവെച്ച ഫണ്ടുകൾ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട്അശോക് ഗെഹ്‌ലോട്ട്‌ കേന്ദ്ര സർക്കാറിന് കത്തയച്ചിട്ടുണ്ട്.