സീറ്റ് നിഷേധിച്ചു; അസമിൽ ബിജെപിക്ക് കനത്ത പ്രഹരം; മന്ത്രി നന്ദിത ഗോർലോസ കോൺഗ്രസിൽ

Jaihind News Bureau
Monday, March 23, 2026

അസം കായിക മന്ത്രി നന്ദിത ഗോർലോസ ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്നത് സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ ചർച്ചയായിരിക്കുകയാണ്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ബിജെപി സീറ്റ് നിഷേധിച്ചതാണ് ഈ നിർണ്ണായക നീക്കത്തിന് പിന്നിലെ പ്രധാന കാരണം. പാർട്ടിക്കായി വർഷങ്ങളോളം പ്രവർത്തിച്ചിട്ടും അവഗണിക്കപ്പെട്ടതിലുള്ള അതൃപ്തി പരസ്യമാക്കിയാണ് നന്ദിത കോൺഗ്രസ് അംഗത്വം സ്വീകരിച്ചത്.

നന്ദിതയുടെ വരവോടെ ഹഫ്‌ലോങ് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ചിത്രം പൂർണ്ണമായും മാറി. ഹഫ്‌ലോങ്ങിൽ നന്ദിത ഗോർലോസയെ തങ്ങളുടെ സ്ഥാനാർത്ഥിയായി മത്സരിപ്പിക്കാനാണ് കോൺഗ്രസ് തീരുമാനം. നേരത്തെ ഈ മണ്ഡലത്തിൽ പ്രഖ്യാപിച്ചിരുന്ന സ്ഥാനാർത്ഥിയെ പിൻവലിച്ചുകൊണ്ട് നന്ദിതയ്ക്ക് വേണ്ടി വഴിമാറാൻ പാർട്ടി നേതൃത്വം നിർദ്ദേശിച്ചു. അവരുടെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നാളെയുണ്ടാകുമെന്ന് കോൺഗ്രസ് അറിയിച്ചു.

നന്ദിത ഗോർലോസയുടെ പാർട്ടി പ്രവേശനത്തെക്കുറിച്ച് കോൺഗ്രസ് ഔദ്യോഗിക പ്രസ്താവന പുറത്തിറക്കി. “നന്ദിത ഗോർലോസ കോൺഗ്രസ് പാർട്ടിയിൽ ചേർന്ന വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു. ഹഫ്‌ലോങ് മണ്ഡലത്തിലെ ഞങ്ങളുടെ കരുത്തുറ്റ സ്ഥാനാർത്ഥിയായി അവരെ നാളെ പ്രഖ്യാപിക്കും,” എന്ന് പ്രസ്താവനയിൽ പറയുന്നു. പാർട്ടി മാറ്റവുമായി ബന്ധപ്പെട്ട സാങ്കേതിക നടപടിക്രമങ്ങൾ അടിയന്തരമായി പൂർത്തിയാക്കുമെന്നും നേതൃത്വം വ്യക്തമാക്കി.

ഏപ്രിൽ 9-നാണ് അസമിലെ 126 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് നടക്കുന്നത്. വോട്ടെടുപ്പിന് തൊട്ടടുത്ത ദിവസങ്ങളിൽ ഭരണകക്ഷിയിലെ ഒരു മന്ത്രി തന്നെ പ്രതിപക്ഷത്തേക്ക് മാറിയത് കോൺഗ്രസിന് വലിയ ആത്മവിശ്വാസം നൽകുന്നുണ്ട്. ബിജെപി വിരുദ്ധ വികാരം വോട്ടാക്കി മാറ്റാൻ നന്ദിതയെപ്പോലെയുള്ള ജനകീയ നേതാക്കളുടെ വരവ് സഹായിക്കുമെന്നാണ് കോൺഗ്രസ് കണക്കുകൂട്ടുന്നത്.