
സംസ്ഥാന സർക്കാരിന്റെ നയങ്ങളെ പരസ്യമായി വിമർശിച്ചതിനെത്തുടർന്ന് സൈനികക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയും കാർഷിക സർവകലാശാല വി.സി.യുമായ ഡോ. ബി. അശോകിനെ സസ്പെൻഡ് ചെയ്തു. ചീഫ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവിലാണ് നടപടി വ്യക്തമാക്കുന്നത്. സർക്കാരിന്റെ ഭാഗമായിരുന്നിട്ടും അനുമതിയില്ലാതെ മാധ്യമങ്ങളോട് സംസാരിക്കുകയും ചാനൽ ചർച്ചകളിൽ പങ്കെടുക്കുകയും ചെയ്തത് ഗുരുതരമായ ചട്ടലംഘനമാണെന്ന് ഉത്തരവിൽ പറയുന്നു.
സർക്കാർ നയങ്ങൾക്കെതിരെ തുടർച്ചയായി നിലപാടുകൾ എടുത്ത ബി. അശോകിനെതിരായ നടപടി സർക്കാരിന്റെ പ്രതികാരമാണെന്ന ആക്ഷേപം ശക്തമാണ്. ചാനൽ ചർച്ചകളിൽ പങ്കെടുത്തുകൊണ്ട് സർക്കാർ രീതികളെ അദ്ദേഹം വിമർശിച്ചിരുന്നു. പദവിയിലിരിക്കുന്ന ഐ.എ.എസ്. ഉദ്യോഗസ്ഥൻ സർക്കാരിനെതിരെ പരസ്യനിലപാട് സ്വീകരിക്കുന്നത് സർവീസ് ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നാണ് സർക്കാർ പക്ഷം.
സസ്പെൻഷൻ നടപടിക്ക് പിന്നാലെ ഡോ. ബി. അശോക് തന്റെ പ്രതികരണം അറിയിച്ചു. സംസ്ഥാനത്ത് സർക്കാർ മാറുന്ന സാഹചര്യമായതിനാൽ തൽക്കാലം നിയമനടപടികളിലേക്ക് നീങ്ങുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ കുറച്ചു കാലങ്ങളായി വിവിധ വിഷയങ്ങളിൽ സർക്കാരുമായി ഉടക്കി നിന്നിരുന്ന ഐ.എ.എസ് ഉദ്യോഗസ്ഥരിൽ പ്രധാനിയായിരുന്നു ഇദ്ദേഹം.