
പശ്ചിമ ബംഗാൾ ഇന്ന് പോളിംഗ് ബൂത്തിലേക്ക്. സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് ഏഴ് ജില്ലകളിലായി 142 മണ്ഡലങ്ങളിൽ ആരംഭിച്ചു. രാവിലെ ഏഴ് മണി മുതൽ വൈകിട്ട് ആറ് മണി വരെയാണ് വോട്ടെടുപ്പ്. കൊൽക്കത്ത ഉൾപ്പെടെയുള്ള ഏഴ് ജില്ലകളിലെ 142 മണ്ഡലങ്ങളിലായി 1448 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്.
മുഖ്യമന്ത്രി മമത ബാനർജിയും സുവേന്ദു അധികാരിയും നേർക്കുനേർ വരുന്ന ഭവാനിപൂർ ഉൾപ്പെടെയുള്ള സുപ്രധാന മണ്ഡലങ്ങളാണ് ഇന്ന് വിധിയെഴുതുന്നത്. അതീവ സുരക്ഷാ വലയത്തിലാണ് ബംഗാൾ ഇന്ന് പോളിംഗ് ബൂത്തിലെത്തുന്നത്.മുഖ്യമന്ത്രി മമത ബാനർജിയും പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയും ഏറ്റുമുട്ടുന്ന ഭവാനിപൂർ ആണ് ഈ ഘട്ടത്തിലെ ഏറ്റവും ശ്രദ്ധേയമായ മണ്ഡലം.
അക്രമ സാധ്യതകൾ കണക്കിലെടുത്ത് സംസ്ഥാനത്ത് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. സിആർപിഎഫ് ഉൾപ്പെടെയുള്ള കേന്ദ്ര സേനകൾ കഴിഞ്ഞ രാത്രി വിവിധയിടങ്ങളിൽ റൂട്ട് മാർച്ച് നടത്തി. എൻഐഎയുടെ നേതൃത്വത്തിൽ വ്യാപക പരിശോധനകളും തുടരുകയാണ്.
ഒന്നാം ഘട്ടത്തിൽ 93.19 ശതമാനം എന്ന രാജ്യത്തെ തന്നെ റെക്കോർഡ് പോളിംഗാണ് ബംഗാളിൽ രേഖപ്പെടുത്തിയത്. വോട്ടർമാരുടെ ഈ ആവേശം രണ്ടാം ഘട്ടത്തിലും പ്രതിഫലിക്കുമോ എന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്. 152 മണ്ഡലങ്ങൾ വോട്ട് ചെയ്ത ഒന്നാം ഘട്ടത്തിന് പിന്നാലെ, ബാക്കിയുള്ള 142 മണ്ഡലങ്ങളിലെ വിധി കൂടി അറിയുന്നതോടെ ബംഗാളിന്റെ രാഷ്ട്രീയ ചിത്രം വ്യക്തമാകും.കനത്ത പോളിംഗ് തുടരുമ്പോൾ അക്രമ സംഭവങ്ങൾ ഒഴിവാക്കി സമാധാനപരമായ വോട്ടെടുപ്പ് ഉറപ്പാക്കാനുള്ള തീവ്ര ശ്രമത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ.
ഇന്ന് പോളിംഗ് നടക്കുന്നതിലെ പ്രധാന മണ്ഡലങ്ങൾ
ഭവാനിപൂർ – മമത ബാനർജി – മുഖ്യമന്ത്രി
ഭവാനിപൂർ – സുവേന്ദു അധികാരി – ബിജെപി പ്രതിപക്ഷ നേതാവ്
ജാദവ്പൂർ – ബികാസ് രഞ്ജൻ ഭട്ടാചാര്യ – മുതിർന്ന സിപിഎം നേതാവ്, എംപി.
മണിക്തല – തപസ് റോയ് – മുതിർന്ന ബിജെപി നേതാവ്
ടോളിഗഞ്ച് – അരൂപ് ബിശ്വാസ് – ടിഎംസി മന്ത്രി
ഉത്തർപാര – മീനാക്ഷി മുഖർജി – സിപിഎം
ദം ദം ഉത്തർ – ദീപ്ഷിദ ധർ – സിപിഎം യുവ നേതാവ്
പാനിഹതി – രത്ന ദേബ്നാഥ് – ബിജെപി (ആർജികർ മെഡിക്കൽ കോളേജിൽ പീഡനത്തിനരയായി കൊല്ലപ്പെട്ട ഡോക്ടറുടെ അമ്മ )
ഭാനഗർ – നൗസാദ് സിദ്ദിഖി – ഐഎസ്എഫ്. ( നിലവിലെ ഏക ബിജെപി ഇതര എംഎൽഎ )
ദം ദം – ബ്രത്യ ബസു – ടിഎംസി മന്ത്രി
കൊൽക്കത്ത പോർട്ട് – ഫിർഹാദ് ഹക്കിം – ടിഎംസി