
തിരുവനന്തപുരം: കോൺഗ്രസ് നേതാക്കളെയും പാർട്ടിയെയും അപകീർത്തിപ്പെടുത്താൻ സംഘടിതമായി ശ്രമിക്കുന്ന വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കെതിരെ നടപടി ആവശ്യപ്പെട്ട് കെപിസിസി മാധ്യമ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ് സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകി. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയും പൊതുജനങ്ങളെ വഴിതെറ്റിക്കുകയും ചെയ്യുന്ന തൊണ്ണൂറിലധികം ഫെയ്സ്ബുക്ക് അക്കൗണ്ടുകളുടെ വിവരങ്ങൾ പരാതിക്കൊപ്പം ഡിജിപിക്ക് കൈമാറി.
വളരെ ഏകീകൃതമായ സ്വഭാവത്തോടെയാണ് ഈ അക്കൗണ്ടുകൾ പ്രവർത്തിക്കുന്നതെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. പാർട്ടിക്കും നേതാക്കൾക്കുമെതിരെ അവമതിപ്പ് ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ഗൂഢാലോചന നടത്തിയാണ് ഈ വ്യാജ ശൃംഖലയുടെ പ്രവർത്തനം. ഭാരതീയ ന്യായ സംഹിതയിലെ 354, 357 വകുപ്പുകൾ പ്രകാരവും ഐടി ആക്ട് 2000 പ്രകാരവും കുറ്റകരമായ നടപടികളാണ് ഈ അക്കൗണ്ടുകൾ വഴി നടക്കുന്നത്.
ഈ വ്യാജ അക്കൗണ്ടുകളുടെ ഉറവിടം കണ്ടെത്തണമെന്നും ഇതിന് പിന്നിൽ പ്രവർത്തിക്കുന്ന ശൃംഖലയെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും ദീപ്തി മേരി വർഗീസ് ആവശ്യപ്പെട്ടു. കൃത്യമായ അന്വേഷണത്തിലൂടെ ഇത്തരം സൈബർ ആക്രമണങ്ങളുടെ നിയന്ത്രണ കേന്ദ്രങ്ങൾ കണ്ടെത്തണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം.