“സ്‌ട്രോങ് റൂം എന്ന് എഴുതിയ മുറി തുറന്നു; തടയാൻ ശ്രമിച്ച തന്നെ തടഞ്ഞു”: ഉദ്യോഗസ്ഥർക്കെതിരെ പേരാമ്പ്ര യുഡിഎഫ് സ്ഥാനാർത്ഥി ഫാത്തിമ തഹ്‌ലിയ

Jaihind News Bureau
Monday, April 20, 2026

കോഴിക്കോട്: വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ച വെള്ളിമാടുകുന്ന് ജെഡിടി സ്കൂളിലെ കേന്ദ്രത്തിൽ ഉദ്യോഗസ്ഥർ ചട്ടവിരുദ്ധമായി മുറി തുറന്നുവെന്ന ആരോപണവുമായി പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഫാത്തിമ തഹ്‌ലിയ. തുറന്ന റൂമിന് മുകളിൽ ‘സ്‌ട്രോങ് റൂം’ എന്ന് വ്യക്തമായി എഴുതിയിട്ടുണ്ടെന്നും, വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സ്ഥാനാർത്ഥിയായ തന്നെയോ ഏജന്റുമാരെയോ ഉള്ളിലേക്ക് പ്രവേശിക്കാൻ ഉദ്യോഗസ്ഥർ അനുവദിച്ചില്ലെന്നും തഹ്‌ലിയ ആരോപിച്ചു. മുൻകൂർ നോട്ടീസോ ഇ-മെയിൽ അറിയിപ്പോ നൽകാതെയാണ് ഉദ്യോഗസ്ഥർ നടപടിയുമായി മുന്നോട്ട് പോയത്.

രാവിലെ എട്ടു മണിയോടെ ഏജന്റിനെ ഫോണിൽ വിളിച്ച് മുറി തുറക്കുന്ന കാര്യം അറിയിക്കുകയായിരുന്നു. കൃത്യമായ നോട്ടീസ് ഇല്ലാതെ മുറി തുറക്കരുതെന്ന് ആവശ്യപ്പെട്ടിട്ടും അധികൃതർ അത് ചെവികൊണ്ടില്ല. രാവിലെ പതിനൊന്നരയോടെ സിസിടിവി നിരീക്ഷിക്കുന്ന യുഡിഎഫ് പ്രതിനിധികളാണ് മുറി തുറന്ന വിവരം ആദ്യം തിരിച്ചറിഞ്ഞത്. ബിഎസ്എഫ് സുരക്ഷ വേണ്ട ‘ഇന്നർ പെരിമീറ്ററിൽ’ മുൻകൂർ അറിയിപ്പില്ലാതെ ആളുകൾ കയറിയിറങ്ങുന്നത് അട്ടിമറി ശ്രമമാണെന്ന് ഡിസിസി പ്രസിഡന്റ് കെ. പ്രവീൺ കുമാർ ആരോപിച്ചു. സുരക്ഷാ ചുമതല പൂർണമായും ബിഎസ്എഫിനെ ഏൽപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നേതാക്കൾ ജില്ലാ കളക്ടറെ കണ്ടു.

തിരഞ്ഞെടുപ്പ് ഏജന്റ് ഡയറി മറന്നുവെച്ചത് എടുക്കാൻ കയറിയതാണെന്ന ഉദ്യോഗസ്ഥരുടെ വിശദീകരണം ദുരൂഹമാണെന്ന് നേതാക്കൾ പറഞ്ഞു. വോട്ടെടുപ്പ് കഴിഞ്ഞ് 11 ദിവസങ്ങൾക്ക് ശേഷം ഇത്തരമൊരു വാദം ഉന്നയിക്കുന്നതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് യുഡിഎഫ് സംശയിക്കുന്നു. സംഭവത്തിൽ ഗൗരവകരമായ അന്വേഷണം വേണമെന്നും യുഡിഎഫ് നേതൃത്വം ആവശ്യപ്പെട്ടു.

അതേസമയം, വോട്ടിങ് മെഷീനുകളോ പോസ്റ്റൽ ബാലറ്റുകളോ സൂക്ഷിച്ച മുറിയല്ല തുറന്നതെന്നാണ് റിട്ടേണിംഗ് ഓഫീസറുടെ വിശദീകരണം. തിരഞ്ഞെടുപ്പ് സാമഗ്രികൾ വെക്കുന്ന സീൽ ചെയ്യാത്ത ‘മെറ്റീരിയൽ റൂം’ മാത്രമാണ് തുറന്നതെന്നും, എൻകോർ (ENCORE) സോഫ്റ്റ്‌വെയറിലെ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നതിനായിരുന്നു ഈ നടപടിയെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. എന്നാൽ സ്ട്രോങ്ങ് റൂം എന്നെഴുതിയ മുറി തന്നെയാണ് തുറന്നതെന്ന് ഫാത്തിമ തഹ്‌ലിയ മാധ്യമങ്ങളോട് ആവർത്തിച്ചു.