
കോഴിക്കോട്: ജില്ലയിലെ ഏഴ് മണ്ഡലങ്ങളിലെ വോട്ടിങ് മെഷീനുകൾ സൂക്ഷിച്ചിരിക്കുന്ന വെള്ളിമാടുകുന്ന് ജെഡിടി ഇസ്‌ലാം കോളേജിലെ സ്ട്രോങ്ങ് റൂമിന് സമീപത്തെ മെറ്റീരിയൽ മുറി തുറന്ന സംഭവത്തിൽ അട്ടിമറി ആരോപണവുമായി യുഡിഎഫ് രംഗത്ത്. തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും സംഭവത്തിൽ അങ്ങേയറ്റത്തെ ദുരൂഹതയുണ്ടെന്നും കോൺഗ്രസ് നേതാക്കളായ എം.കെ. രാഘവൻ എംപി, ഡിസിസി പ്രസിഡന്റ് പ്രവീൺ കുമാർ എന്നിവർ ആരോപിച്ചു. സ്ട്രോങ്ങ് റൂമിന്റെ സുരക്ഷ പൂർണമായും ബിഎസ്എഫിനെ ഏൽപ്പിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
രാവിലെ എട്ടു മണിയോടെയാണ് മുറി തുറക്കുന്ന കാര്യം റിട്ടേണിങ് ഓഫീസർ തന്നെ വിളിച്ച് അറിയിച്ചതെന്ന് പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഫാത്തിമ തഹ്‌ലിയ പറഞ്ഞു. ഒൻപത് മണിക്ക് സ്ഥലത്തെത്താനായിരുന്നു നിർദ്ദേശം. എന്നാൽ സ്ട്രോങ്ങ് റൂമിന് സമീപത്തെ മുറികൾ ഇത്തരത്തിൽ തുറക്കുന്നത് ആശങ്കാജനകമാണെന്ന നിലപാടിലാണ് യുഡിഎഫ് നേതൃത്വം. സംഭവത്തെത്തുടർന്ന് യുഡിഎഫ് പ്രവർത്തകർ പ്രതിഷേധവുമായി കേന്ദ്രത്തിന് മുന്നിൽ തടിച്ചുകൂടി.
അതേസമയം, വോട്ടിങ് മെഷീനുകളോ പോസ്റ്റൽ ബാലറ്റുകളോ സൂക്ഷിച്ച മുറിയല്ല തുറന്നതെന്ന് പേരാമ്പ്ര റിട്ടേണിങ് ഓഫീസർ വിശദീകരിച്ചു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ‘എൻകോർ’ (Encore) സോഫ്റ്റ്‌വെയറിൽ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നതിനായി, പേരാമ്പ്ര മണ്ഡലത്തിലെ പോളിങ് രേഖകൾ സൂക്ഷിച്ച സീൽ ചെയ്യാത്ത മുറിയാണ് തുറന്നത്. ഇത് സ്ഥാനാർത്ഥികളുടെ ഏജന്റുമാരുടെ സാന്നിധ്യത്തിലാണ് നിർവ്വഹിച്ചതെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. സ്ട്രോങ്ങ് റൂമിന്റെ സുരക്ഷയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതർ കൂട്ടിച്ചേർത്തു.