
ടെഹ്റാന്‍:ചരക്കുകപ്പല്‍ പിടിച്ചെടുത്ത അമേരിക്കന്‍ നടപടിക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ഇറാന്‍. ഒമാന്‍ കടലില്‍ വെച്ച് ഇറാനിയന്‍ കപ്പല്‍ സായുധമായി തടഞ്ഞുവെച്ച യുഎസ് നീക്കം വെടിനിര്‍ത്തല്‍ കരാറിന്റെ ലംഘനവും ‘കടല്‍ക്കൊള്ള’യുമാണെന്ന് ഇറാന്‍ മിലിട്ടറി കമാന്‍ഡ് വക്താവ് ഖതം അല്‍-അന്‍ബിയ പ്രതികരിച്ചു. സംഭവത്തില്‍ ഇറാന്‍ മൗനം പാലിക്കില്ലെന്നും അമേരിക്കയ്ക്ക് ഉചിതമായ മറുപടി നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ചൈനയില്‍ നിന്ന് ഇറാനിലേക്ക് വരികയായിരുന്ന കപ്പലിനെ ഒമാന്‍ കടലില്‍ വെച്ച് അമേരിക്കന്‍ നാവികസേന വെടിവെപ്പിന് ശേഷം പിടിച്ചെടുക്കുകയായിരുന്നു എന്നാണ് ഇറാന്റെ ആരോപണം. അമേരിക്കന്‍ മറീനുകള്‍ കപ്പലില്‍ അതിക്രമിച്ചു കയറുകയും നാവിഗേഷന്‍ സംവിധാനങ്ങള്‍ പ്രവര്‍ത്തനരഹിതമാക്കുകയും ചെയ്തു. യുഎസ് സൈന്യത്തിന്റെ ഈ പ്രകോപനത്തിനെതിരെ ഇറാന്റെ സായുധ സേന ഉടന്‍ പ്രതികരിക്കുമെന്ന് സൈനിക വക്താവ് കൂട്ടിച്ചേര്‍ത്തു.
ഹോര്‍മുസ് കടലിടുക്കിന് സമീപം യുഎസ് ഉപരോധം ലംഘിക്കാന്‍ ശ്രമിച്ച ഇറാനിയന്‍ കപ്പല്‍ കസ്റ്റഡിയിലെടുത്തതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചിരുന്നു. കപ്പല്‍ പിടിച്ചെടുത്ത വിവരം ട്രംപ് തന്നെയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. അമേരിക്കയുടെ ഈ നീക്കം ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതല്‍ വഷളാക്കിയിരിക്കുകയാണ്. വരും ദിവസങ്ങളില്‍ മേഖലയില്‍ സൈനിക നീക്കങ്ങള്‍ ഉണ്ടായേക്കാമെന്ന ആശങ്കയും ഈ പ്രസ്താവനയോടെ ശക്തമായിട്ടുണ്ട്.