സമൃദ്ധിയുടെ സന്ദേശവുമായി ഇന്ന് അക്ഷയ തൃതീയ; സ്വപ്നങ്ങള്‍ക്ക് തുടക്കമിടാന്‍ ശുഭദിനം

Jaihind News Bureau
Sunday, April 19, 2026

ഹൈന്ദവ വിശ്വാസമനുസരിച്ച് ഏറ്റവും ശുഭകരമായ ദിനങ്ങളില്‍ ഒന്നാണ് അക്ഷയ തൃതീയ. വൈശാഖ മാസത്തിലെ വെളുത്തപക്ഷ തൃതീയ ദിവസമാണ് ഈ ദിനം ആഘോഷിക്കപ്പെടുന്നത്. ഈ ദിവസം ചെയ്യുന്ന നല്ല കാര്യങ്ങളുടെ ഫലം നശിക്കാതെ- അക്ഷയമായി നിലനില്‍ക്കുമെന്നാണ് വിശ്വാസം.

അക്ഷയ തൃതീയയുമായി ബന്ധപ്പെട്ട് ഒട്ടേറെ പുരാണകഥകളുണ്ട്. കൃതയുഗം കഴിഞ്ഞ് ത്രേതായുഗം ആരംഭിച്ചത് ഈ ദിവസമാണെന്ന് പുരാണങ്ങള്‍ പറയുന്നു. വനവാസകാലത്ത് സൂര്യഭഗവാന്‍ പാണ്ഡവര്‍ക്ക് ഒരിക്കലും വറ്റാത്ത ‘അക്ഷയപാത്രം’ നല്‍കിയതും ഈ ദിനത്തിലാണെന്നാണ് വിശ്വാസം. ദരിദ്രനായ കുചേലന്‍ തന്റെ സുഹൃത്തായ ശ്രീകൃഷ്ണനെ കാണാന്‍ ഒരു പിടി അവലുമായി എത്തിയതും, ഭഗവാന്‍ അത് സ്വീകരിച്ച് കുചേലനെ ഐശ്വര്യപൂര്‍ണ്ണനാക്കിയതും ഈ ദിനത്തിലാണെന്ന് പറയപ്പെടുന്നു. ഇങ്ങനെ ഒട്ടേറെ വിശ്വാസങ്ങള്‍ അക്്ഷയതൃതീയ ആഘോഷത്തിനുണ്ടെങ്കിലും കേരളത്തില്‍ അടുത്ത കാലത്താണ് അക്ഷയ തൃതീയ വലിയ ആഘോഷമായി മാറിയത്.

അക്ഷയ തൃതീയ എന്ന് കേള്‍ക്കുമ്പോള്‍ മലയാളിയുടെ മനസ്സില്‍ ആദ്യം ഓടിയെത്തുന്നത് സ്വര്‍ണ്ണമാണ്. ഈ ദിവസം സ്വര്‍ണ്ണം വാങ്ങുന്നത് വീട്ടില്‍ സമ്പത്ത് വര്‍ദ്ധിപ്പിക്കുമെന്ന വിശ്വാസമുള്ളതിനാല്‍ ജ്വല്ലറികളില്‍ വലിയ തിരക്കാണ് അനുഭവപ്പെടാറുള്ളത്. പുതിയ ബിസിനസ്സുകള്‍ ആരംഭിക്കാനും, വീട് പണി തുടങ്ങാനും, പുതിയ വാഹനങ്ങള്‍ വാങ്ങാനും പലരും ഈ ദിവസം തിരഞ്ഞെടുക്കുന്നുണ്ട്.

കേവലം സ്വര്‍ണ്ണം വാങ്ങുന്നതില്‍ മാത്രം ഒതുങ്ങേണ്ട ഒന്നല്ല അക്ഷയ തൃതീയ. ഈ ദിവസം നടത്തുന്ന ദാനധര്‍മ്മങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. ‘അക്ഷയമായ’ പുണ്യം നേടാനുള്ള അവസരമായാണ് പല വിശ്വാസികളും ഇതിനെ കാണുന്നത്. കേരളത്തിലെ ക്ഷേത്രങ്ങളില്‍ ഈ ദിവസം പ്രത്യേക പൂജകളും വഴിപാടുകളും നടക്കാറുണ്ട്.

സ്വര്‍ണ്ണത്തോടുള്ള കമ്പത്തിനപ്പുറം, പരിമിതമായ വിഭവങ്ങള്‍ പങ്കുവെക്കുന്നതിലൂടെയും സദ്കര്‍മ്മങ്ങള്‍ ചെയ്യുന്നതിലൂടെയും ജീവിതത്തില്‍ സന്തോഷവും സമൃദ്ധിയും അക്ഷയമായി നിലനിര്‍ത്താം എന്ന സന്ദേശം കൂടി ഈ ദിനം നമുക്ക് നല്‍കുന്നുണ്ട്.