നിതിൻ രാജിന്റെ മരണം: ലോൺ ആപ്പ് മാഫിയയെ നോയിഡയിൽ നിന്ന് പിടികൂടി കണ്ണൂർ സൈബർ ക്രൈം പോലീസ്

Jaihind News Bureau
Saturday, April 18, 2026

കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവത്തിൽ, വിദ്യാർത്ഥിയെ ഭീഷണിപ്പെടുത്തിയ ലോൺ ആപ്പ് സംഘത്തെ കണ്ണൂർ സിറ്റി സൈബർ ക്രൈം പോലീസ് ഉത്തർപ്രദേശിലെ നോയിഡയിൽ നിന്ന് പിടികൂടി. “ഇൻസ്റ്റന്റ് ഫണ്ട്സ്” (Instant Funds) എന്ന നിയമവിരുദ്ധ ലോൺ ആപ്പിന്റെ നടത്തിപ്പുകാരായ മൂന്ന് പേരാണ് പോലീസിന്റെ പിടിയിലായത്. ഉത്തർപ്രദേശ് ഖാസിയാബാദ് സ്വദേശിയായ ഋഷികേഷ് തിവാരി, പ്രശാന്ത് ഖേവൽ (28), ഹരിയാന ഫരിദാബാദ് സ്വദേശിയായ പ്രകാശ് ജയ് (54) എന്നിവരാണ് അറസ്റ്റിലായ പ്രധാന പ്രതികൾ.

ചെറിയ തുക കടമെടുക്കുന്നവരെ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ഈ സംഘം, ലോൺ തിരിച്ചടയ്ക്കുന്നതിൽ ചെറിയ കാലതാമസം വരുത്തിയാൽ പോലും അശ്ലീല സന്ദേശങ്ങൾ അയച്ചും സ്വകാര്യ വിവരങ്ങൾ പരസ്യപ്പെടുത്തിയുമാണ് ഭീഷണിപ്പെടുത്തിയിരുന്നത്. നിതിൻ രാജിന്റെ ആത്മഹത്യയ്ക്ക് പിന്നിൽ ഇത്തരം ക്രൂരമായ മാനസിക പീഡനങ്ങളാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. നിതിൻ രാജിന്റെ മരണത്തിന് പിന്നാലെ അദ്ദേഹത്തിന്റെ അധ്യാപിക നൽകിയ പരാതിയിലാണ് സൈബർ ക്രൈം പോലീസ് അതീവ ജാഗ്രതയോടെ അന്വേഷണം നടത്തിയത്.

പ്രതികൾ ഒളിച്ചു താമസിച്ചിരുന്ന നോയിഡയിലെ കേന്ദ്രം നിരീക്ഷിച്ച ശേഷമാണ് കണ്ണൂർ സിറ്റി പോലീസ് സംഘം അതിസാഹസികമായി ഇവരെ കസ്റ്റഡിയിലെടുത്തത്. ഓൺലൈൻ തട്ടിപ്പ് സംഘത്തിന്റെ കണ്ണികളെ കണ്ടെത്താൻ സൈബർ സെൽ നടത്തിയ ശാസ്ത്രീയമായ അന്വേഷണമാണ് നോയിഡയിലേക്ക് വഴിതുറന്നത്. പിടിയിലായ പ്രതികൾക്ക് അന്തർസംസ്ഥാന ലോൺ ആപ്പ് മാഫിയകളുമായി ബന്ധമുണ്ടെന്നും ഇവരെ കേരളത്തിലെത്തിച്ച് കൂടുതൽ ചോദ്യം ചെയ്യുമെന്നും പോലീസ് അറിയിച്ചു.