പണി പൂര്‍ത്തിയാകാത്ത ദേശീയപാതയുടെ ഉദ്ഘാടനം തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട്; ബി.ജെ.പി-സി.പി.എം തര്‍ക്കം വെറും നാടകമെന്ന് പ്രതിപക്ഷ നേതാവ്

Jaihind News Bureau
Wednesday, March 11, 2026

ന്യൂഡല്‍ഹി: സംസ്ഥാനത്ത് നിര്‍മ്മാണം പൂര്‍ത്തിയാകാത്ത ദേശീയപാതയുടെ ഉദ്ഘാടനം നടത്തുന്നത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ഗിമ്മിക്കാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന ഔദ്യോഗിക പരിപാടിയിലേക്ക് സംസ്ഥാന പൊതുമരാമത്ത് മന്ത്രിയെ ക്ഷണിക്കാത്തത് ജനാധിപത്യ വിരുദ്ധമാണെന്നും, എന്നാല്‍ ഉദ്ഘാടനങ്ങളെച്ചൊല്ലി ബി.ജെ.പിയും സി.പി.എമ്മും തമ്മില്‍ ഇപ്പോള്‍ നടക്കുന്ന വാക്‌പോരുകള്‍ വെറും നാടകമാണെന്നും അദ്ദേഹം ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള ദേശീയപാതയുടെ നിര്‍മ്മാണം ഇപ്പോഴും പുരോഗമിക്കുകയാണ്. പണി പൂര്‍ത്തിയാകാത്ത പാതയാണ് തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഇപ്പോള്‍ ഉദ്ഘാടനം ചെയ്യുന്നത്. പലയിടത്തും നിര്‍മ്മിതികള്‍ തകര്‍ന്നു വീഴുകയും അപകടങ്ങള്‍ ഉണ്ടാകുകയും ചെയ്തിട്ടുണ്ട്. പാലത്തിന്റെ പില്ലറുകള്‍ ഇടുമ്പോഴും റോഡിന്റെ ഓരോ കിലോമീറ്ററുകള്‍ കഴിയുമ്പോഴും ഉദ്ഘാടനം നടത്തുന്ന രീതി ജനപ്രതിനിധികളെ പരിഹാസ കഥാപാത്രങ്ങളാക്കുകയാണ്. തുരങ്കപാതയുമായി ബന്ധപ്പെട്ട് സര്‍വേ, നിര്‍മ്മാണം, ബ്ലാസ്റ്റിങ് എന്നിങ്ങനെ മൂന്ന് ഉദ്ഘാടനങ്ങളാണ് മുഖ്യമന്ത്രി നിര്‍വ്വഹിച്ചത്. ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഭരണാധികാരി പാറ പൊട്ടിക്കുന്നത് ഉദ്ഘാടനം ചെയ്യുന്നതെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു. കെട്ടിടത്തിന്റെ തറ കെട്ടിക്കഴിഞ്ഞാല്‍ ഭിത്തി പണിയുന്നതിനും വാര്‍ക്കുന്നതിനും വെവ്വേറെ ഉദ്ഘാടനം നടത്തുന്നത് ജനങ്ങളെ പരിഹസിക്കുന്നതിന് തുല്യമാണ്.

പൊതുജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നടത്തുന്ന ഔദ്യോഗിക പരിപാടികള്‍ ആരുടെയും വീട്ടിലെ സ്വകാര്യ ചടങ്ങുകളല്ല. അത്തരം പരിപാടികളിലേക്ക് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വിളിക്കുന്നത് ജനാധിപത്യ മര്യാദയാണ്. അതിനാല്‍ പൊതുമരാമത്ത് മന്ത്രിയെ ഒഴിവാക്കിയത് തെറ്റാണ്. എന്നാല്‍ ഇതിന്റെ പേരില്‍ ബി.ജെ.പിയും സി.പി.എമ്മും തമ്മില്‍ നടക്കുന്ന തര്‍ക്കങ്ങള്‍ ഇരു പാര്‍ട്ടികളും തമ്മില്‍ ആലോചിച്ചുറപ്പിച്ച നാടകമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ബി.ജെ.പിയുമായി ഏറ്റുമുട്ടുന്നുവെന്ന് വരുത്തിത്തീര്‍ക്കാനാണ് സി.പി.എം ശ്രമിക്കുന്നത്.

വീഴാത്ത പാലാരിവട്ടം പാലത്തിന്റെ പേരില്‍ വി.കെ. ഇബ്രാഹിംകുഞ്ഞിനെ ജയിലിലടയ്ക്കാന്‍ നോക്കിയ സര്‍ക്കാര്‍, ദേശീയപാത തകര്‍ന്നു വീണിട്ടും ഒരു പരാതിയും നല്‍കിയില്ല. പൊളിഞ്ഞുവീണ ശേഷം നിതിന്‍ ഗഡ്കരിയെ കാണാന്‍ പോയത് ‘ആമാടപ്പെട്ടി’യുമായാണ്. കൊച്ചി മെട്രോയുടെ പണി ഏതാണ്ട് പൂര്‍ത്തിയായിട്ടും ഉമ്മന്‍ചാണ്ടി അത് ഉദ്ഘാടനം ചെയ്തിരുന്നില്ല. എന്നാല്‍ പിന്നീട് ഉമ്മന്‍ചാണ്ടിയെപ്പോലും വിളിക്കാതെ പിണറായി വിജയന്‍ അത് ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ വിമാനത്താവളത്തില്‍ ഉമ്മന്‍ചാണ്ടിയുടെ കാലത്ത് നടന്നത് പരീക്ഷണപ്പറക്കല്‍ മാത്രമായിരുന്നെന്നും അല്ലാതെ ബ്ലാസ്റ്റിങ് ഉദ്ഘാടനം പോലെയുള്ള പ്രഹസനമായിരുന്നില്ലെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തില്‍ അനിശ്ചിതത്വമുള്ളതുകൊണ്ടാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുന്നത്. എന്നാല്‍ ഏത് ഘട്ടത്തിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാന്‍ കോണ്‍ഗ്രസും യു.ഡി.എഫും സജ്ജമാണ്. 50 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ എപ്പോള്‍ വേണമെങ്കിലും പ്രഖ്യാപിക്കാം. രണ്ടാം ഘട്ട പട്ടിക അടുത്ത 48 മണിക്കൂറിനുള്ളില്‍ പ്രഖ്യാപിക്കും. നിലവിലെ എം.പിമാര്‍ നിയമസഭയിലേക്ക് മത്സരിക്കണമോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് ദേശീയ നേതൃത്വമാണെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.