ആളിക്കത്താൻ നിയമസഭ; ‘മന്ത്രിയെ രക്ഷിക്കാൻ തന്ത്രിയെ കുരുക്കി’, ആരോപണങ്ങളുമായി പ്രതിപക്ഷം സഭയിൽ ആഞ്ഞടിക്കും

Jaihind News Bureau
Monday, February 23, 2026

സംസ്ഥാന രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ വിവിധ വിവാദങ്ങൾ ആളിക്കത്തുന്നതിനിടയിൽ, ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം കേരള നിയമസഭാ സമ്മേളനം ഇന്ന് വീണ്ടും ചേരുകയാണ്. ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തലുകളും ആരോപണങ്ങളും സഭയെ പ്രക്ഷുബ്ധമാക്കുമെന്ന് ഉറപ്പാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പുറത്തുവന്ന വിവാദ വിഷയങ്ങളിൽ സർക്കാരിനെ പ്രതിരോധത്തിലാക്കാൻ ഉറച്ചാണ് പ്രതിപക്ഷം സഭയിലെത്തുന്നത്.

മന്ത്രിയെ രക്ഷിക്കാൻ വേണ്ടി തന്ത്രിയെ കരുവാക്കി എന്ന ഗുരുതരമായ ആരോപണമാകും സഭയിൽ ഇന്ന് പ്രധാനമായും ഉയരുക. ശബരിമലയുമായി ബന്ധപ്പെട്ട സ്വർണ്ണക്കൊള്ള വിവാദത്തിൽ സർക്കാരിന്റെയും ദേവസ്വം ബോർഡിന്റെയും നിലപാടുകളെ പ്രതിപക്ഷം ചോദ്യം ചെയ്യും. അന്വേഷണങ്ങൾ അട്ടിമറിക്കപ്പെടുന്നു എന്നാരോപിച്ച് സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കാനാണ് പ്രതിപക്ഷ നീക്കം.

ചോദ്യോത്തര വേളയുടെ തുടക്കം മുതൽ തന്നെ പ്രതിഷേധം ആഞ്ഞടിക്കാനാണ് സാധ്യത. സ്പീക്കറുടെ ഡയസിന് മുന്നിൽ പ്ലക്കാർഡുകളും ബാനറുകളുമായി പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയാൽ സഭാ നടപടികൾ തുടർച്ചയായി തടസ്സപ്പെട്ടേക്കാം. നിലവിലെ സാഹചര്യത്തിൽ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള വാക്പോര് സഭയെ കലുഷിതമാക്കും.

കലണ്ടർ പ്രകാരം മാർച്ച് 26 വരെ സമ്മേളനം തുടരേണ്ടതുണ്ടെങ്കിലും, പ്രതിപക്ഷ പ്രതിഷേധം നിയന്ത്രണാതീതമായാൽ സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞേക്കുമെന്ന് സൂചനകളുണ്ട്. സുപ്രധാന ബില്ലുകളും ചർച്ചകളും പൂർത്തിയാക്കാൻ സർക്കാർ ശ്രമിക്കുന്നുണ്ടെങ്കിലും, സഭയിലെ ബഹളം കാരണം നടപടികൾ വെട്ടിിച്ചുരുക്കി പിരിയുന്ന കാര്യവും കാര്യോപദേശക സമിതിയുടെ പരിഗണനയിൽ വന്നേക്കാം.