അന്വേഷണസംഘത്തിന് ‘സല്യൂട്ട്’; കുറ്റപത്രം വൈകിപ്പിച്ചു; പോറ്റിയും പുറത്തേക്ക്

Jaihind News Bureau
Thursday, February 5, 2026

ഒടുവില്‍ ആ ശുഭവാര്‍ത്ത എത്തിയിരിക്കുന്നു… ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയും ‘സ്വാഭാവിക ജാമ്യം’ നേടി പുറത്തേക്ക് ഇറങ്ങുകയാണ്. കേസിലെ മറ്റ് പ്രതികളൊക്കെ നേരത്തെ തന്നെ പുറത്തിറങ്ങി കാറ്റും വെളിച്ചവും ഏല്‍ക്കുന്നുണ്ടായിരുന്നു. പോറ്റി മാത്രം അകത്ത് കിടക്കുന്നത് ശരിയല്ലെന്ന് കരുതിയാകണം, അന്വേഷണ സംഘം കൃത്യസമയത്ത് കുറ്റപത്രം നല്‍കാതെ ആ വഴി സുഗമമാക്കിക്കൊടുത്തു. 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം നല്‍കാതിരിക്കുക എന്നത് ഒരു ആധുനിക അന്വേഷണ കലയാണ്. പ്രതികള്‍ക്ക് ജാമ്യം കിട്ടാന്‍ ഇതിലും വലിയൊരു ‘സഹായഹസ്തം’ വേറെ എന്ത് വേണം?

അയ്യപ്പന്റെ സ്വര്‍ണ്ണം കട്ടവരും, അത് കക്കാന്‍ കൂട്ടുനിന്നവരും ഒക്കെ ഇങ്ങനെ ‘സ്വാഭാവികമായി’ പുറത്തിറങ്ങുന്നത് കാണുമ്പോള്‍ സാധാരണക്കാര്‍ക്ക് ഒരു കാര്യം മനസ്സിലാക്കാം-നമ്മുടെ നാട്ടില്‍ മോഷണം പാപമല്ല, പക്ഷേ അത് സ്വര്‍ണ്ണക്കൊള്ളയാകണം, കൂടെ പവര്‍ഫുള്‍ ആയ ചില ആളുകളും വേണം. സ്വര്‍ണ്ണം പോയത് അയ്യപ്പന്റേതല്ലേ, അദ്ദേഹത്തിന് പരാതിയില്ലല്ലോ എന്ന് വിചാരിക്കുന്ന പുണ്യാത്മാക്കളാണ് നമ്മുടെ അന്വേഷണ ഉദ്യോഗസ്ഥര്‍ എന്ന് തോന്നിപ്പോകുന്നു. കട്ടവന്‍ പുറത്ത്, കാവല്‍ നിന്നവന്‍ അകത്ത് എന്ന പഴയ ചൊല്ലൊക്കെ ഇന്ന് ‘കട്ടവന്‍ പുറത്ത്, അന്വേഷിച്ചവന്‍ വീട്ടില്‍’ എന്നായി മാറിയിരിക്കുകയാണ്. സത്യത്തില്‍ ഇതൊരു ‘സ്വാഭാവിക’ നീതിയാണ്. കുറ്റവാളികളെ പിടിക്കാനല്ല, മറിച്ച് പിടിച്ചവരെ എങ്ങനെ സുരക്ഷിതമായി പുറത്തിറക്കാം എന്ന കാര്യത്തില്‍ നമ്മുടെ സിസ്റ്റം എത്രമാത്രം കാര്യക്ഷമമാണെന്ന് ഈ കേസ് തെളിയിക്കുന്നു. പോറ്റിയും കൂട്ടരും ഇനി പുറത്തിറങ്ങി വിശ്രമിക്കട്ടെ. കാരണം, സ്വര്‍ണ്ണം പോയാലും വിശ്വാസം പോകരുത് എന്നാണല്ലോ വെപ്പ്. സ്വര്‍ണ്ണക്കൊള്ള നടന്നാലും ജാമ്യം കിട്ടും എന്ന ഈ ‘സ്വാഭാവികമായ’ വിശ്വാസം ഇനി വരാനിരിക്കുന്ന കൊള്ളക്കാര്‍ക്ക് വലിയൊരു ആശ്വാസമായിരിക്കും.