ഇത് പയ്യന്നൂർ മോഡൽ ‘വിപ്ലവം’; സഖാവ് കുഞ്ഞികൃഷ്ണന് പൂട്ട്; അഴിമതിക്കാർക്ക് സുരക്ഷ

Jaihind News Bureau
Saturday, January 24, 2026

പയ്യന്നൂരില്‍ നിന്ന് ഒരു സന്തോഷവാര്‍ത്ത! നമ്മുടെ നാട്ടിലൊക്കെ അഴിമതി നടത്തിയാല്‍ ജയിലില്‍ പോകും എന്നാണ് വെപ്പ്. എന്നാല്‍ പയ്യന്നൂരിലെ കണക്ക് സാദാ കണക്കല്ല, അത് ‘പാര്‍ട്ടി കണക്കാ’. ഏകദേശം ഒരു കോടി രൂപയുടെ തിരിമറി! അതില്‍ 46 ലക്ഷം സാക്ഷാല്‍ രക്തസാക്ഷി ഫണ്ടില്‍ നിന്ന്.

സാധാരണ ഗതിയില്‍ അഴിമതി പിടിച്ചാല്‍ അഴിമതിക്കാരെ പുറത്താക്കും. പക്ഷേ പയ്യന്നൂരില്‍ ഒരു വെറൈറ്റിയുണ്ട്. അഴിമതി കണ്ടുപിടിച്ചവനെ അങ്ങ് പുറത്താക്കി! അതാണ് ‘വിപ്ലവകരമായ അച്ചടക്കം’. പാവം കുഞ്ഞികൃഷ്ണന്‍ സഖാവ്! അഴിമതിക്കാരെ പൂട്ടാന്‍ പോയതാ… ഒടുവില്‍ പൂട്ട് വീണത് സ്വന്തം കസേരയ്ക്ക്.

പരാതി കൊടുക്കാന്‍ കുഞ്ഞികൃഷ്ണന്‍ തിരഞ്ഞെടുത്തത് മുഖ്യമന്ത്രിയെ ആണ്. അദ്ദേഹം ആണെങ്കില്‍ എല്ലാം അറിയുന്ന സര്‍വ്വജ്ഞാനിയും! എന്നിട്ടെന്തായി? അന്വേഷണം നടത്തി, അഴിമതി ബോധ്യപ്പെട്ടു. പക്ഷേ നടപടി ചോദിച്ചപ്പോള്‍ ടി.ഐ. മധുസൂദനന്‍ എം.എല്‍.എ സുരക്ഷിതന്‍. കാരണം, അല്പം പണം അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാല്‍ അത് പാര്‍ട്ടിക്ക് അകത്തെ ‘കുടുംബ പ്രശ്‌നം’ മാത്രമാണ്. പുറത്താരും ചോദിക്കാന്‍ പാടില്ല!

സഖാക്കളേ, നിങ്ങള്‍ പണ്ട് പാടിയത് ‘രക്തസാക്ഷികള്‍ മരിക്കുന്നില്ല’ എന്നാണ്. പക്ഷേ പയ്യന്നൂരിലെ നേതാക്കള്‍ പറയുന്നത് ‘രക്തസാക്ഷി ഫണ്ടുകള്‍ വെറുതെ കിടക്കരുത്’ എന്നാണ്! ഫണ്ട് വെട്ടിച്ചവന്‍ ഏരിയ കമ്മിറ്റിയില്‍ ഇരിക്കും, അത് ചോദ്യം ചെയ്തവന്‍ വീട്ടിലിരിക്കും. ഇതാണ് പുതിയ കാലത്തെ സി.പി.എം ഡെമോക്രസി.

നീതി കിട്ടാത്തത് കൊണ്ട് കുഞ്ഞികൃഷ്ണന്‍ പൊതുപ്രവര്‍ത്തനം നിര്‍ത്തി. പക്ഷേ അഴിമതിക്കാര്‍ക്ക് ഒരു കുഴപ്പവുമില്ല, അവര്‍ക്ക് ഡ്യൂട്ടി തുടരണം. ഒടുവില്‍ പയ്യന്നൂരിലെ അണികള്‍ക്ക് ഒരു ഉപദേശം: ഇനി രക്തസാക്ഷി ഫണ്ട് കൊടുക്കുമ്പോള്‍ കൂടെ ഒരു ‘ഓഡിറ്ററെ’ കൂടി കൊടുത്തേക്കണം. ഇല്ലെങ്കില്‍ അത് നേരെ എം.എല്‍.എ ഫണ്ടിലേക്ക് വഴുതി വീഴും!