സര്‍ക്കാരിന്‍റെ നാലാം വാര്‍ഷികാഘോഷം: ക്രമസമാധാന രംഗം താറുമാറാക്കിയ ആഭ്യന്തര വകുപ്പ്

Jaihind News Bureau
Sunday, May 4, 2025

ക്രമസമാധാന പാലനത്തില്‍ തികഞ്ഞ പരാജയമായ പിണറായി സര്‍ക്കാര്‍, നാലാം വാര്‍ഷികമാഘോഷിക്കുമ്പോള്‍ എണ്ണിയാല്‍ ഒടുങ്ങാത്ത പരാതികളാണ് ആഭ്യന്തര വകുപ്പിന് നേരെ ഉയര്‍ന്നിട്ടുള്ളത്. ലഹരി ഗുണ്ടാ മാഫിയ സംഘങ്ങള്‍ സംസ്ഥാനത്ത് അഴിഞ്ഞാടുകയും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങളും കൊലപാതക പരമ്പരകളും തുടര്‍ക്കഥയാവുകയും ചെയ്യുമ്പോള്‍ പോലിസ് സംവിധാനങ്ങള്‍ നിഷ്‌ക്രിയമാകുന്ന കാഴ്ചയാണ് കാണുവാന്‍ കഴിയുന്നത്.

സംസ്ഥാനം ഭരിച്ച ഒരു സര്‍ക്കാരും നേരിട്ടിട്ടില്ലാത്ത തരത്തിലുള്ള ആരോപണങ്ങളാണ് രണ്ടാം പിണറായി സര്‍ക്കാരിലെ ആഭ്യന്തരവകുപ്പിനെതിരെ ഉയര്‍ന്നിട്ടുള്ളത്. ഭരണകക്ഷി എംഎല്‍എ തന്നെ മുഖ്യമന്ത്രിയുടെ ഓഫീസിനേയും പൊളിറ്റിക്കല്‍ സെക്രട്ടറിയേയും ക്രമസമാധാന ചുമതയുള്ള എഡിജിപി യേയും പ്രതി കൂട്ടിലാക്കി ഗുരുതര ആരോപണവുമായി രംഗത്തെത്തുന്ന അസാധാരണമായ സ്ഥിതിവിശേഷങ്ങളാണ് കേരളം കണ്ടത്. ആഭ്യന്തര വകുപ്പിനെ പ്രതിരോധത്തിലാക്കി ഏറെ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് തിരി തെളിച്ച് ഭരണകക്ഷി എംഎല്‍എ ആയിരുന്ന പിവി അന്‍വര്‍ ഉയര്‍ത്തിയ ഗുരുതരമായ ആരോപണങ്ങളുടെ അലയടികള്‍ കേരള രാഷ്ട്രീയത്തില്‍ ഇന്നും മുഴങ്ങുകയാണ്.

സ്വര്‍ണ്ണക്കടത്ത് പങ്ക് പറ്റലും, കൊലപാതകവും, കേസുകള്‍ അട്ടിമറിക്കലും ഉള്‍പ്പെടെ ഒട്ടനവധി ആരോപണങ്ങള്‍ക്ക് വിധേയരായ പൊളിറ്റിക്കല്‍ സെക്രട്ടറിയേയും എഡിജിപിയെയും സംരക്ഷിച്ചു മുഖ്യമന്ത്രി പി വി അന്‍വറിനെ തള്ളി ആരോപണങ്ങള്‍ക്ക് പുകമറ സൃഷ്ടിച്ചു താല്‍ക്കാലികമായി തടി തപ്പുകയായിരുന്നു. കസ്റ്റഡി മരണങ്ങളും ആള്‍ക്കൂട്ട ആക്രമണങ്ങളും മാവോയിസ്റ്റ് വേട്ടയ്ക്ക് മറവിലെ നരഹത്യകളും ആഭ്യന്തര വകുപ്പിന്റെ തികഞ്ഞ വീഴ്ചകളെ വരച്ച് കാട്ടുകയാണ്. ഭരണ രാഷ്ട്രീയ പിന്‍ബലത്തില്‍ ലഹരി മാഫിയ ഗുണ്ടാസംഘങ്ങള്‍ സംസ്ഥാനത്ത് അഴിഞ്ഞാടുകയും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങളും കൊലപാതക പരമ്പരകളും തുടര്‍ക്കഥയായി മാറുമ്പോഴും പോലിസ് സംവിധാനങ്ങള്‍ നിഷ്‌ക്രിയമാകുന്നത് ആഭ്യന്തര വകുപ്പിന്റെ പരാജയങ്ങളുടെ ആക്കം കൂട്ടുകയാണ്.

മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘം നിയന്ത്രിക്കുന്ന ആഭ്യന്തരവകുപ്പ് കേരളത്തിന്റെ ക്രമസമാധാന രംഗം താറുമാറാക്കി എന്ന വലിയ പരാതിയും വിമര്‍ശനവുമാണ് സമസ്ത മേഖലയിലും ഉയരുന്നത്.