കോട്ടയത്ത് നാല് വയസുകാരന് കഴിച്ച ചോക്ലേറ്റില്‍ നിന്നും ലഹരിയുടെ അംശം എന്ന് പരാതി. സ്കൂളില്‍ നിന്നും കുട്ടി കഴിച്ച ചോക്ലേറ്റിലാണ് ലഹരിയുടെ അംശമുള്ളതായി കണ്ടെത്തിയത്. കോട്ടയം വടവാതൂര്‍ സെവന്‍ത്ത്ഡേ സ്കൂളിലാണ് സംഭവം നടന്നത്. അങ്ങാടിവയല്‍ സ്വദേശികളുടെ മകനെയാണ് സ്കൂളില്‍നിന്ന് ലഭിച്ച ചോക്ലേറ്റ് കഴിച്ചതിന് പിന്നാലെ അബോധ അവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ മാസം 17ആം തീയതി തിങ്കളാഴ്ചയാണ് സംഭവം നടക്കുന്നത്. ക്ലാസില്‍ പൊടിച്ചു വച്ചിരിക്കുന്ന നിലയില്‍ കണ്ട ചോക്ലേറ്റ് കുട്ടി എടുത്ത് കഴിക്കുകയായിരുന്നു. കഴിച്ചതിനു ശേഷം എഴുതികൊണ്ടിരുന്ന കുട്ടി മയങ്ങി പോവുകയും തിരികെ വീട്ടില്‍ എത്തിയതിനു ശേഷവും ബോധം കെട്ട് ഉറങ്ങുന്നതും ശ്രദ്ധയില്‍പ്പെട്ട കുട്ടിയുടെ അമ്മയാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. അവിടുത്തെ വിദഗ്ധ പരിശോധനയിലാണ് കുട്ടിയുടെ ഉള്ളില്‍ ലഹരിപദാര്‍ത്ഥത്തിന്റെ അംശം കണ്ടെത്തിയത്. എന്നാല്‍ ലഹരികലര്‍ന്ന ചോക്ലേറ്റ് എങ്ങനെ കുട്ടിയുടെ കയ്യില്‍ എത്തിയെന്ന് അറിയില്ലെന്നായിരുന്നു സ്വകാര്യ സ്കൂള്‍ അധികൃതരുടെ മറുപടി. സംഭവത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് രക്ഷിതാക്കള്‍ പോലീസിനും കളക്ടര്‍ക്കും പരാതി നല്കി്.