മധ്യപ്രദേശ്, മിസോറം നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭേദപ്പെട്ട പോളിംഗ്

Jaihind Webdesk
Wednesday, November 28, 2018

മധ്യപ്രദേശില്‍ 65 ശതമാനവും മിസോറമില്‍ 70 ശതമാനവും പോളിംഗ് നടന്നുവെന്നാണ് പ്രാഥമിക വിവരം. മധ്യപ്രദേശിലെ ചമ്പല്‍ മേഖലയിലുണ്ടായ അക്രമമൊഴിച്ചാല്‍ വോട്ടെടുപ്പ് സമാധാനപരമായിരുന്നു.

മധ്യപ്രദേശിലെ 230 സീറ്റിലേക്കും മിസോറമിലെ 40 സീറ്റിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്. ആദ്യ മണിക്കൂറിൽ പോളിംഗ് മന്ദഗതിയിലായിരുന്നെങ്കിലും പിന്നീട് വോട്ടർമാർ കൂട്ടത്തോടെ പോളിംഗ് ബൂത്തിലെത്തുന്ന കാഴ്ചയാണ് ഇരു സംസ്ഥാനങ്ങളിലും കാണാനായത്.

ബി.ജെ.പിയും കോണ്‍ഗ്രസും തമ്മിൽ മുഖാമുഖം ഏറ്റുമുട്ടിയ മധ്യ പ്രദേശിലായിരുന്നു ഏറ്റവും വാശിയേറിയ പോരാട്ടം നടന്നത്. പ്രചരണ രംഗത്തെ വീറും വാശിയും തെരഞ്ഞെടുപ്പിലും പ്രതിഫലിച്ചു. മുഖ്യമന്ത്രി പൃഥ്വിരാജ് സിംഗ് ചൗഹാൻ, പി.സി.സി അധ്യക്ഷൻ കമൽനാഥ്, ജ്യോതിരാദിത്യ സിന്ധ്യ തുടങ്ങിയവർ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. വോട്ടിംഗ് മെഷീന്‍റെ തകരാറ് മുലം 72 ബൂത്തുകളിൽ അൽപനേരം വോട്ടിംഗ് നിർത്തിവെച്ചു.

2907 സ്ഥാനാർഥികളാണ് മധ്യപ്രദേശിൽ ജനവിധി തേടിയത്. ബി.എസ്.പി 227 സീറ്റിലും എസ്.പി 58 സീറ്റിലും മത്സരിച്ചു. ഹാട്രിക് വിജയമാണ് ബി.ജെ.പി യുടെ ലക്ഷ്യം. എന്നാൽ സംസ്ഥാനത്തുടനീളം നിലനിൽക്കുന്ന ഭരണവിരുദ്ധ വികാരം തങ്ങൾക്ക് അനുകൂലമാകുമെന്ന് കോൺഗ്രസ് ഉറച്ച് വിശ്വസിക്കുന്നു. പ്രചരണ രംഗത്ത് മുന്നേറാനായതും കോൺഗ്രസിന് ആത്മവിശ്വാസം പകരുന്നു.

മിസോറമില്‍ 40 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. മുഖ്യമന്ത്രി ലാല്‍ താന്‍ഹാവാലയടക്കം 142 സ്ഥാനാര്‍ഥികളാണ് ജനവിധി തേടിയത്. ഭരണം നിലനിർത്താനാകുമെന്ന് തന്നെയാണ് കോൺഗ്രസിന്‍റെ പ്രതീക്ഷ. കോൺഗ്രസും മിസോറം നാഷണല്‍ ഫ്രണ്ടും തമ്മിലായിരുന്നു പ്രധാന മത്സരം. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി ബി.ജെ.പി യും തെരഞ്ഞെടുപ്പ് രംഗത്ത് സജീവമായിരുന്നു. ഡിസംബർ പതിനൊന്നിനാണ് ഫലപ്രഖ്യാപനം.