അമിത്ഷാ ദൈവമല്ല; 50 വര്‍ഷം ഭരണത്തുടര്‍ച്ച നേടുമെന്ന ബി.ജെ.പി അധ്യക്ഷന്റെ പ്രസ്താവനയെ തള്ളി സോറാംതങ്ക

Jaihind Webdesk
Thursday, December 6, 2018

50 വര്‍ഷത്തെ ഭരണത്തുടര്‍ച്ച പ്രവചിക്കാന്‍ അമിത്ഷാ ദൈവമല്ലെന്ന് മുന്‍ മിസോറാം മുഖ്യമന്ത്രി സോറാംതങ്ക. രാഷ്ട്രീയത്തില്ലാം പ്രവചനാതീതമാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപി സഖ്യകക്ഷിയായ എംഎന്‍എഫിന്റെ അധ്യക്ഷനാണ് സോറാമംതങ്ക. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ അടുത്ത 50 വര്‍ഷക്കാലം ബിജെപി ഇന്ത്യ ഭരിക്കുമെന്ന അമിത്ഷായുടെ പ്രസ്താവന അതിശയോക്തിപരമാണെന്ന് സോറാംതങ്ക പറഞ്ഞു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപി രൂപീകരിച്ച മുന്നണിയുടെ ഭാഗമാണ് എംഎന്‍എഫ്. ബിജെപി ഹിന്ദുത്വ രാഷ്ട്രീയമാണ് കളിക്കുന്നതെന്നും അവരുമായി മിസോറാമില്‍ സഖ്യം തുടരാന്‍ സാധിക്കുകയില്ലെന്നും അദ്ദേഹം പറഞ്ഞു.

സെപ്റ്റംബറില്‍ നടന്ന ബിജെപി നാഷണല്‍ എക്സിക്യൂട്ടീവിലാണ് അടുത്ത 50 വര്‍ഷക്കാലം ബിജെപി ഇന്ത്യ ഭരിക്കുമെന്ന അമിത്ഷാ പ്രസ്താവന നടത്തിയത്. അമിത്ഷായുടെ പ്രസ്താവനയെ പരിഹസിച്ചുകെണ്ട് നേരത്തെ നിരവധി ആളുകള്‍ രംഗത്തെത്തിയിരുന്നു.

ഹൈന്ദവവികാരം മുന്‍നിര്‍ത്തിയാണ് ബിജെപി പ്രവര്‍ത്തിക്കുന്നത്. ആശയപരമായും പ്രവര്‍ത്തനപരമായും ബിജെപിയുമായി യോജിച്ചു പോകാനാവില്ലെന്നും സോറാംതങ്ക വ്യക്തമാക്കി. ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കാനിക്കെ സഖ്യകക്ഷികള്‍ എതിര്‍പ്പുമായി രംഗത്തെത്തുന്നത് ബിജെപിക്ക് വലിയ പ്രതിസന്ധിയണ് സൃഷ്ടിച്ചിരിക്കുന്നത്.