ഗവര്‍ണര്‍ കുമ്മനം രാജശേഖരനെ കേള്‍ക്കാന്‍ ആളില്ല; പൗരത്വ ബില്ലിനെതിരെ പ്രതിഷേധിച്ച് മിസോറം ജനത

Jaihind Webdesk
Saturday, January 26, 2019

Kummanam-Mizoram

മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍റെ റിപ്പബ്ലിക് ദിന പ്രസംഗത്തിന് സാക്ഷിയായത് കാലിയായ സദസ്. മിസോറം ജനത റിപ്പബ്ലിക്ദിന പ്രസംഗം ബഹിഷ്കരിച്ചു. മന്ത്രിമാരും പോലീസും ഉദ്യോഗസ്ഥരും മാത്രമായിരുന്നു സദസിലുണ്ടായിരുന്നത്. കേന്ദ്ര സര്‍ക്കാരിന്‍റെ പൗരത്വ ബില്ലിനെതിരെയുള്ള പ്രതിഷേധത്തിന്‍റെ ഭാഗമായായായിരുന്നു പൊതുജനം റിപ്പബ്ലിക് ദിന പരിപാടി ബഹിഷ്കരിച്ചത്.

പൗരാവകാശ സംഘടനകളും വിദ്യാര്‍ഥി സംഘടനകളും ചേര്‍ന്ന എന്‍.ജി.ഒ കോഡിനേഷന്‍ കമ്മിറ്റിയാണ് റിപ്പബ്ലിക് ദിന ചടങ്ങ് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തത്. ജില്ലാതലത്തിലും റിപ്പബ്ലിക് ദിനപരിപാടികളോട് പൊതുജനം സഹകരിച്ചില്ല. ചില സ്ഥലങ്ങളില്‍ പ്ലക്കാര്‍ഡുകളുമായി പ്രതിഷേധങ്ങളും അരങ്ങേറി. കനത്ത പൊലീസ് കാവലിലായിരുന്നു ചടങ്ങുകള്‍ നടന്നത്.

അതിര്‍ത്തികളില്‍ താമസിക്കുന്ന ജനങ്ങളുടെ ക്ഷേമത്തിനുവേണ്ടിയുള്ള പദ്ധതികള്‍ക്ക് പ്രാധാന്യം നല്‍കുമെന്നും അതിര്‍ത്തി സംരക്ഷിക്കുന്ന കാര്യത്തില്‍ ശക്തമായ ശ്രമങ്ങളുണ്ടാകുമെന്നും ചടങ്ങില്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു.