മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ്; തികഞ്ഞ ആത്മവിശ്വാസത്തില്‍ കോണ്‍ഗ്രസ്

Jaihind Webdesk
Sunday, November 25, 2018

മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് തികഞ്ഞ ആത്മവിശ്വാസത്തിലാണ്. കോൺഗ്രസ് വ്യക്തമായ ആധിപത്യം പുലർത്തുമെന്ന് ഇന്‍റലിജൻസ് റിപ്പോർട്ടും വിവിധ സർവേ ഫലങ്ങളും വ്യക്തമാക്കുകയും ചെയ്യുന്നു.

മധ്യപ്രദേശിലെ ജനങ്ങൾ കോൺഗ്രസിനൊപ്പം നിൽക്കുമെന്നാണ് ഇന്‍റലിജൻസ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. 230 മണ്ഡലങ്ങളിൽ 128 സീറ്റുകളിലും കോൺഗ്രസിന് ജയസാധ്യതയുണ്ടെന്നാണ്  റിപ്പോര്‍ട്ട് പറയുന്നത്. ഇതോടൊപ്പം വിവിധ സർവേകളും കോൺഗ്രസിന്‍റെ വിജയം പ്രവചിക്കുന്നു. കോൺഗ്രസുമായി കടുത്ത മത്സരമാണ് മധ്യപ്രദേശിൽ നടക്കാൻ പോകുന്നതെന്നാണ് വിലയിരുത്തൽ. നിലവിൽ റിപ്പോർട്ട് പ്രകാരം ബി.ജെ.പിക്ക് 92 സീറ്റിലേ ജയസാധ്യതയുള്ളുവെന്നാണ് സർവേകളും ഇന്‍റലിജൻസ് റിപ്പോർട്ടും സൂചിപ്പിക്കുന്നത്. പത്ത് മന്ത്രിമാർ കടുത്ത മത്സരം നേരിടുന്നുവെന്നും ജയിക്കാൻ നേരിയ സാധ്യത മാത്രമാണെന്നും ബി.എസ്.പി ആറ് സീറ്റു വരെ നേടാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

നോട്ട് നിരോധനം, ജി.എസ്.ടി, കർഷകർക്കെതിരായ നയങ്ങൾ, അവശ്യ സാധനങ്ങളുടെ വിലക്കയറ്റം, പെട്രോൾ-ഡീസൽ വിലവർധന , വ്യാപം അഴിമതി, റഫാൽ അഴിമതി തുടങ്ങിവ എല്ലാം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും എന്ന കാര്യം ഉറപ്പാണ്. അതേസമയം സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചരണങ്ങൾ പാരമ്യത്തിൽ എത്തി നിൽക്കുകയാണ്. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് കോൺഗ്രസ് തെരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുന്നത്.