ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കും; നേതൃത്വം പ്രിയങ്ക ഗാന്ധിക്ക്

Jaihind Webdesk
Saturday, August 31, 2019

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ വരുന്ന തെരഞ്ഞെടുപ്പുകളില്‍ ഒറ്റക്ക് കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കും. സംസ്ഥാനത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ അദ്ധ്യക്ഷതയില്‍ യു.പിയില്‍ നിന്നുള്ള നേതാക്കള്‍ ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. 12 നിയോജക മണ്ഡലങ്ങളില്‍ നടക്കാന്‍ പോവുന്ന ഉപതെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് ഒറ്റക്ക് മത്സരിക്കും.
പ്രിയങ്ക ഗാന്ധിയെ മുന്‍നിര്‍ത്തി സംസ്ഥാനത്ത് പാര്‍ട്ടിയെ കെട്ടിപ്പടുക്കാനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്.
എസ്.പിയുടെയും ബി.എസ്.പിയുടെയും സഹായം ഇനി തേടേണ്ടെന്നാണ് പ്രിയങ്കഗാന്ധിയുടെ നിലപാട്. സ്വന്തം നിലയില്‍ വോട്ടുബാങ്ക് ഉണ്ടാക്കേണ്ടതുണ്ടെന്നും, ഇവര്‍ വരുമ്പോള്‍ കോണ്‍ഗ്രസിനുള്ള വിശ്വാസ്യത നഷ്ടമാകുന്നതായും പ്രിയങ്കഗാന്ധി യോഗത്തില്‍ ചൂണ്ടിക്കാട്ടി. യുപിയില്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുന്നതിനായി കഴിഞ്ഞ ദിവസം പ്രിയങ്ക യോഗം ചേര്‍ന്നിരുന്നു. ജിതിന്‍ പ്രസാദും രാജ് ബബ്ബാറും യോഗത്തില്‍ പങ്കെടുത്തു. അടിത്തട്ടില്‍ പാര്‍ട്ടിയെ സജീവമാക്കുന്നതിനുള്ള നടപടികള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു.