സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ മധ്യപ്രദേശ് ബിജെപിയിൽ അസ്വാരസ്യം പുകയുന്നു

Jaihind Webdesk
Tuesday, March 26, 2019

മധ്യപ്രദേശിൽ ലോക്സഭാ തെരഞ്ഞെടുപ്പിനായുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെ ബിജെപിയിൽ അസ്വാരസ്യം പുകയുന്നു. സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ടുള്ള തർക്കങ്ങൾക്കൊടുവിൽ നിരവധി നേതാക്കളാണ് ബിജെപി വിട്ടത്.

അഞ്ച് സിറ്റിങ് എം.പിമാർക്ക് സീറ്റ് നിഷേധിച്ചതിലും നിലവിലെ എം.പിമാരെ സ്ഥാനാർത്ഥിയാക്കിയതിലും പ്രതിഷേധിച്ച് ഭോപാൽ, സിദ്ധി ജില്ലാ കമ്മിറ്റികളിൽ നിന്നുമാണ് ഭാരവാഹികൾ കൂട്ടത്തോടെ രാജിവെച്ചത്.

സിദ്ധി ജില്ല അധ്യക്ഷൻ കാന്തിദേവ് സിങിനൊപ്പം ഏഴ് ഭാരവാഹികൾ രാജിവെച്ചു. പ്രവർത്തകരുടെ വികാരം മനസിലാക്കാതെയാണ് നിലവിലെ എം.പി രീതി പഥകിന് പാർട്ടി സീറ്റ് നിഷേധിച്ചതെന്നാണ് ഇവരുടെ ആരോപണം. തികാംഗഡിൽ നിലവിലെ എം.പി വീരേന്ദ്ര കുമാറിനെ മത്സരിപ്പിക്കുന്നതിൽ പ്രതിഷേധിച്ച് മുൻ എംഎൽഎ ആർ.ഡി പ്രജാപതിയുടെ നേതൃത്വത്തിൽ പാർട്ടി അധ്യക്ഷന് കത്ത് നൽകി. ഇതിനു പുറമെ പ്രജാപതി പ്രതിഷേധം നേരിട്ട് അറിയിക്കുന്നതിനായി ഡൽഹിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

മോറീനയിൽ സിറ്റിങ് എം.പിയും വാജ്പേയിയുടെ അനന്തരവനുമായ അനൂപ് മിശ്രക്ക് സീറ്റ് നിഷേധിച്ച് കേന്ദ്ര മന്ത്രി നരേന്ദ്ര സിങ് തോമറിന് സീറ്റ് നൽകിയതിനെതിരെ വ്യാപക പ്രതിഷേധമാണ് ബി.ജെ.പി പ്രവർത്തകർ അഴിച്ചു വിട്ടത്. അതേ സമയം കോൺഗ്രസിന് സംസ്ഥാനത്ത് പ്രഖ്യാപിച്ച സ്ഥാനാർത്ഥികളെ അനുകൂലിക്കുന്ന നിലപാടാണ് നേതൃത്വത്തിനുള്ളത്.