വാളയാര്‍ കേസില്‍ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം ; കേരളത്തിലുടനീളം ഇന്ന് യു.ഡി.എഫ് പ്രതിഷേധ ജ്വാല

Jaihind News Bureau
Tuesday, October 29, 2019

വാളയാർ കേസിലെ പുനരന്വേഷണം എന്ന ആവശ്യവുമായി പ്രതിപക്ഷ സമരം ശക്തമാകുന്നു. യു.ഡി.എഫ് കൺവീനർ ബെന്നി ബഹന്നാൻ ഇന്ന് വാളയാറിൽ എത്തും. കേരളത്തിൽ ഉടനീളം ഇന്ന് യു.ഡി.എഫ് പ്രതിഷേധ ജ്വാല സംഘടിപ്പിക്കും. നവംബർ 5 ന് പാലക്കാട് ജില്ലയിൽ യു.ഡി.എഫ് ഹർത്താൽ ആചരിക്കും.

വാളയാളിലെ പിഞ്ചുകുഞ്ഞുങ്ങളുടെ നീതിക്ക് വേണ്ടി കേരളം ഒന്നാകെ രംഗത്തിറങ്ങുകയാണ്. യു.ഡി.എഫ് കണ്‍വീനർ ബെന്നി ബഹനാന്‍ എം.പിയും പാലക്കാട് എം.പി വി.കെ ശ്രീകണ്ഠനും ആലത്തൂർ എം.പി രമ്യ ഹരിദാസും ഇന്ന് വാളയാറില്‍ മരിച്ച പെണ്‍കുട്ടികളുടെ വീട് സന്ദർശിക്കുന്നുണ്ട്.

തുടക്കം മുതല്‍ തന്നെ കേസ് അട്ടിമറിക്കാനാണ് കേരളാ പോലീസ് ശ്രമിച്ചതെന്ന് കെ.പി.സി.സി മുന്‍ അധ്യക്ഷന്‍ വി.എം സുധീരന്‍ പറഞ്ഞു. കുറ്റവാളികള്‍ക്ക് ഒപ്പമാണ് സർക്കാര്‍ നിലകൊള്ളുന്നത്. കേരളത്തിന് കളങ്കം വരുത്തിവെച്ച കേരളാ പോലീസ് ഈ കേസില്‍ തുടരന്വേഷണം നടത്തുന്നതില്‍ വിശ്വാസ്യതയില്ലെന്നും സ്വതന്ത്ര ഏജന്‍സി കേസ് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വാളയാറില്‍ പെണ്‍കുട്ടികളുടെ വീട് സന്ദർശിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വി.എം സുധീരന്‍.

ഇന്നലെ യൂത്ത് കോണ്‍ഗ്രസ് എസ്.പി ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും കെ.എസ്.യു പ്രതിഷേധ ജ്വാലയും സംഘടിപ്പിച്ചിരുന്നു. പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധ സമരങ്ങളും സമൂഹമാധ്യമങ്ങളിലെ ക്യാംപെയ്നുകളും സർക്കാരിനെ വലിയ സമ്മർദത്തിലാഴ്ത്തുകയാണ്.