വാളയാർ കേസില്‍ ജുഡീഷ്യല്‍ അന്വേഷണം

Jaihind News Bureau
Thursday, November 21, 2019

വാളയാറില്‍ സഹോദരിമാരെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് തീരുമാനം. മുന്‍ ജില്ലാ ജഡ്ജി എസ് ഹനീഫ അധ്യക്ഷനായ സമിതി അന്വേഷിക്കും. കേസില്‍ പോലീസിനും പ്രോസിക്യൂഷനും സംഭവിച്ച വീഴ്ച പരിശോധിക്കും. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

പ്രോഫിക്യൂഷന് വീഴ്ച പറ്റിയോ, പോലീസ് അന്വഷണത്തിൽ വീഴ്ച ഉണ്ടായോ, വീഴ്ചയുടെ ഉത്തരവാദികൾ ആര്, തുടർ നടപടി എന്ത്, പോക്സോ കേസുകൾ കൈകാര്യം ചെയ്യാനുള്ള നിർദേശങ്ങൾ ഇത്രയും കാര്യങ്ങളാണ് പ്രധാനമായും ജുഡീഷ്യല്‍ അന്വേഷണത്തിന്‍റെ പരിഗണയില്‍ വരിക.

പാലക്കാട് ജില്ലയിലെ വാളയാറില്‍ പതിമൂന്നും ഒമ്പതും വയസുള്ള രണ്ടു സഹോദരിമാരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതാണ് കേസിനാസ്പദമായ സംഭവം. 2017 ജനുവരി 13 ന് വൈകുന്നേരം മൂത്ത കുട്ടിയെയാണ് ആദ്യം മരിച്ച നിലയില്‍ കണ്ടെത്തിയത്. അസ്വാഭാവികമരണത്തിന് കേസ് രജിസ്റ്റർ ചെയ്ത പൊലീസ് കേസിൽ വേണ്ടത്ര ശ്രദ്ധ ചെലുത്തുകയുണ്ടായില്ല. രണ്ട് മാസത്തിനകം, മാര്‍ച്ച് 4 ന് രണ്ടാമത്തെ കുട്ടിയും തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടുകളിൽ കുട്ടികള്‍ ക്രൂര പീഡനത്തിന് ഇരയായിട്ടുണ്ട് എന്ന് തെളിഞ്ഞു.

എന്നാല്‍ ക്രൂര പീഡനത്തിന് ഇരയായാണ് കുട്ടികള്‍ കൊല്ലപ്പെട്ടതെന്ന് വ്യക്തമായിട്ടും പ്രതികളെ സഹായിക്കുന്ന നിലപാടാണ് പോലീസിന്‍റെ ഭാഗത്തുനിന്നുണ്ടായത്. പോലീസ് കേസന്വേഷണം ഉഴപ്പിയതും പ്രതികള്‍ക്കെതിരായ കുറ്റം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടതും കേസില്‍ തിരിച്ചടിയായി. തുടക്കംമുതലേ കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് പോലീസിന്‍റെ ഭാഗത്തുനിന്നുണ്ടായത്. പ്രതികളുടെ രാഷ്ട്രീയബന്ധമാണ് കേസ് അട്ടിമറിക്കാന്‍ ഇടയാക്കിയതെന്ന ആക്ഷേപം ഉയർന്നു. അരിവാള്‍ പാർട്ടിയുടെ ആള്‍ക്കാരാണ് പ്രതികളെന്ന് കുട്ടികളുടെ അമ്മയും വെളിപ്പെടുത്തിയിരുന്നു. വാളയാര്‍ കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ശക്തമായ പ്രക്ഷോഭമാണ് ഉയർത്തിയത്.