വാളയാറില്‍ സ്തംഭിച്ച് ലോക്സഭ ; കേന്ദ്രം സംസ്ഥാനത്തോട് വിശദീകരണം തേടണമെന്ന് കൊടിക്കുന്നില്‍

Jaihind News Bureau
Tuesday, November 19, 2019

വാളയാർ സംഭവത്തിൽ സി.ബി.ഐ അന്വേഷണം നടത്തണമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി ലോക്സഭയിൽ. സംഭവത്തിൽ കേന്ദ്രം കേരളത്തിൽ നിന്നും വിശദീകരണം തേടണമെന്നും കൊടിക്കുന്നിൽ സുരേഷ് എം.പി ആവശ്യപ്പെട്ടു. വിഷയത്തിൽ കേന്ദ്രം നിലപാട് അറിക്കാത്തതിൽ യു.ഡി.എഫ് എം.പിമാർ ലോക്സഭയിൽ പ്രതിഷേധിച്ചു.

വാളയാറിലെ പെൺകുട്ടികളുടെ മരണം ശൂന്യവേളയിൽ കൊടിക്കുന്നിൽ സുരേഷ് എം.പിയാണ് ലോക് സഭയിൽ അവതരിപ്പിച്ചത്. വാളയാർ കേസന്വേഷണം സംസ്ഥാന പോലീസ് അന്വേഷണം അട്ടിമറിച്ചെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി പറഞ്ഞു. സംസ്ഥാന സർക്കാർ സംഭവത്തിൽ പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. പ്രതികൾക്ക് തക്കതായ ശിക്ഷ വാങ്ങിക്കൊടുക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല. വിഷയത്തിൽ കേന്ദ്രം സംസ്ഥാനത്തോട് വിശദീകരണം ചേദിക്കണമെന്നും വിഷയത്തിൽ സി.ബി.ഐ അന്വേഷണം നടത്തണമെന്നും കൊടിക്കുന്നിൽ സുരേഷ് എം.പി ആവശ്യപ്പെട്ടു.

വിഷയം പാർലമെന്‍റിൽ അവതരിപ്പിക്കുമ്പോൾ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ലോക്സഭയിൽ ഉണ്ടായിരുന്നു. കേന്ദ്രം വിഷയത്തിൽ നിലപാട് പറയാത്തതിനെ തുടർന്ന് കേരളത്തിലെ യു.ഡി.എഫ് എം.പിമാർ സഭയിൽ പ്രതിഷേധം രേഖപ്പെടുത്തി.