പ്രധാനമന്ത്രിയുടെ മറുപടി പ്രസംഗം ദിശാബോധമില്ലാത്തതും അവർത്തന വിരസവും രാജ്യത്തെ ഗ്രസിച്ച ഗുരുതര പ്രതിസന്ധിയെപ്പറ്റി പരാമർശിക്കാത്ത ഒളിച്ചോട്ടവും : കൊടിക്കുന്നിൽ സുരേഷ്

Jaihind News Bureau
Thursday, February 6, 2020

രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന്‍റെ നന്ദിപ്രമേയത്തിലെ പ്രധാനമന്ത്രിയുടെ മറുപടി പ്രസംഗം ദിശാബോധമില്ലാത്തതും അവർത്തന വിരസവും രാജ്യത്തെ ഗ്രസിച്ച ഗുരുതര പ്രതിസന്ധിയെപ്പറ്റി പരാമർശിക്കാത്ത ഒളിച്ചോട്ടവുമെന്നു കോൺഗ്രസ്സ് ചീഫ് വിപ്പ് കൊടിക്കുന്നിൽ സുരേഷ് എം പി.

രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയത്തിൽ പ്രധാനമന്ത്രിമാരുടെ മറുപടി പ്രസംഗം എക്കാലത്തും വസ്തുനിഷ്ഠവും സമഗ്രവും രാജ്യത്തിന്‍റെ വികസന രൂപരേഖയും ആയിരുന്നു , എന്നാൽ ഇന്ന് ലോക്സഭയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ മറുപടിപ്രസംഗം കേവലം അവർത്തനവിരസവും സർക്കാരിന്‍റെ പരാജയങ്ങളെ വെള്ളപൂശുവാനും ഒപ്പം തന്നെ ഡൽഹി തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ നടത്തിയ രാഷ്ട്രീയ പ്രസംഗവും മാത്രമായിരുന്നുവെന്ന് കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.

സാമ്പത്തിക രംഗത്ത് രാജ്യം നേരിടുന്നത് സമാനതകളില്ലാത്ത വെല്ലുവിളികളാണ്, ജി ഡി പി വളർച്ചാ നിരക്ക് ചരിത്രത്തിൽ തന്നെ ഏറ്റവും കുറഞ്ഞ നിരക്കിൽ എത്തിയിരിക്കുന്നു , തൊഴിലില്ലായ്മ 45 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിൽ എത്തിയിട്ടും , അത്തരം പ്രശ്‌നങ്ങൾക്ക് ഒരു പരിഹാരം പോലും നിർദേശിക്കാതെ, ആവിഷയത്തെ അഭിമുഖീകരിക്കാതെ പ്രധാനമന്ത്രി തന്‍റെ മറുപടി പ്രസംഗത്തെ ദിശാബോധമില്ലാത്തവാചക കസർത്ത് മാത്രമാക്കി മാറ്റി.കർഷകർ നേരിടുന്ന അതിജീവനപ്രശ്‌നത്തെ കുറിച്ച് പരാമർശിക്കാതെ, കർഷക ആത്മഹത്യകളെ കുറിച്ച് ഒരു വാക്ക് പറയാത്ത മറുപടി പ്രസംഗം കാർഷിക മേഖലയെ അവഗണിച്ചു.

വിലക്കയറ്റം നേരിടുന്നതിൽ സമ്പൂർണ പരാജയം ആയ മോദി സർക്കാർ സാധാരണക്കാർക്ക് ദുരിതം മാത്രമാണ് സമ്മാനിച്ചത്, എന്നാൽ എന്താണ് ഈ വിഷയത്തിൽ ചെയ്യാൻ ഉദേശിക്കുന്നത് എന്ന് പോലും മറുപടി പ്രസംഗത്തിൽ ഇല്ല എന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.

കഴിഞ്ഞ അഞ്ചു വർഷത്തെ പ്രസംഗങ്ങളുടെ ഒരു ആവർത്തനം മാത്രമായി മോദിയുടെ മറുപടി ചർച്ച മാറിയെന്നും ഉജ്ജ്വല , ഡി ബി ടി, തീവ്ര ദേശീയത , അഞ്ചു വർഷംകൊണ്ട് മാത്രമാണ് ഇന്ത്യ സൃഷ്ടിക്കപെട്ടതെന്ന സ്ഥിരംവാദങ്ങൾ കൊണ്ട് നിറഞ്ഞ പ്രസംഗം പാർലമെന്റിൽ അല്ല തെരഞ്ഞെടുപ്പ് പൊതു യോഗത്തിൽ ആയിരുന്നു മോഡി നടത്തേണ്ടിയിരുന്നതെന്ന് കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു. രാഹുൽ ഗാന്ധിയെ അപമാനിക്കുന്നതിൽക്കൂടി രാഷ്ട്രീയ അസ്തിത്വം തേടുന്ന മോഡി ഈ പ്രസംഗത്തിലും അത് ആവർത്തിച്ചു , രാഹുൽ ഗാന്ധിജനങ്ങളോട് പറഞ്ഞത് രാജ്യത്തെ തൊഴിലില്ലായ്മയിൽ നിരാശരായ യുവാക്കളുടെ നിസ്സഹായതയുടെ ശബ്ദമാണ് , ആ വാക്കുകളെ വളച്ചൊടിച്ചു രാഹുൽ ഗാന്ധിയെ അപമാനിക്കാൻ പ്രധാനമന്ത്രി കാട്ടിയ മിടുക്ക് രാജ്യത്ത് തൊഴിലില്ലായ്മ പരിഹരിക്കാൻ കാട്ടിയിരുന്നെങ്കിൽ എന്നും കൊടിക്കുന്നിൽ സുരേഷ് പ്രസ്താവിച്ചു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്നപ്രതിഷേധങ്ങളുടെ ശബ്ദം പ്രതിപക്ഷം ലോക് സഭയിൽ ഉയർത്തുക തന്നെ ചെയ്യും , അത് ജനങ്ങളുടെ ശബ്ദമാണ് എന്നാൽ ഈ വിഷയത്തെ വർഗീയമാക്കി അവതരിപ്പിക്കുകയും പ്രതിഷേധങ്ങളെ പാകിസ്ഥാനോട് കൂട്ടികെട്ടുകയുമാണ് ഇന്നും മോദി ചെയ്തതെന്ന് കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.

കഴിഞ്ഞ അഞ്ചു വർഷത്തെ അർഥശൂന്യവും ആവർത്തനവിരസവും ആയ പദങ്ങളും വാചകക്കസർത്തും കൊണ്ട് മറുപടിപ്രസംഗത്തിന്‍റെ വിലയിടിക്കുകയാണ് മോദി ചെയ്തത്.