ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി അക്രമം : കേന്ദ്രസർക്കാർ ലോക്സഭയെ തെറ്റിദ്ധരിപ്പിക്കുന്നു – കൊടിക്കുന്നിൽ സുരേഷ്

Jaihind News Bureau
Monday, February 3, 2020


ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിൽ കഴിഞ്ഞ ജനുവരി അഞ്ചിന് അധ്യാപകർക്കും വിദ്യാർത്ഥികൾക്കും നേരെ മുഖംമൂടി ധരിച്ച അക്രമികൾ നടത്തിയ ആക്രമണങ്ങളെ സംബന്ധിച്ച അയഥാർഥമായ വിവരങ്ങൾ ആണ് ലോക്‌സഭക്കു പോലും നൽകുന്നെതെന്നു കൊടിക്കുന്നിൽ സുരേഷ് എം പി.

ഈ വിഷയത്തിൽ താൻ ഉന്നയിച്ച ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകിയില്ലെന്ന് മാത്രമല്ല , സർക്കാരിന്റെയും ജെ എൻ യുവിന്റെയും മറുപടി അനവധി മാധ്യമ റിപ്പോർട്ടുകൾക്കും , സ്വതന്ത്ര അന്വേഷണ കമ്മിറ്റികൾക്കും മുൻപിൽ അനവധി വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ നൽകിയ വിവരങ്ങൾക്കും കടകവിരുദ്ധമാണെന്നും , ജെ എൻ യു അക്രമ സംഭവത്തെകുറിച്ചുളള ചോദ്യങ്ങൾ പോലും മോദിസർക്കാർ ഭയക്കുന്നുവെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.

പെരിയാർ ഹോസ്റ്റലിൽ നടന്നുവെന്ന് പറയപ്പെടുന്ന അക്രമണത്തെക്കുറിച്ചു മാത്രം പരാമർശിക്കുന്ന യൂണിവേഴ്സിറ്റിയുടെ മറുപടിയിൽ സബർമതി ഹോസ്റ്റലിൽ മുതിർന്ന വനിതാ അധ്യാപകർക്കും പെൺകുട്ടികൾ ഉൾപ്പെടെയുള്ള വിദ്യാർത്ഥികൾക്കും നേരെ മുഖം മൂടി ധരിച്ച അക്രമകാരികൾ അഴിച്ചുവിട്ട ക്രൂരമായ ആക്രമണത്തെപ്പറ്റി ഒരു വാക്ക് പോലും തങ്ങളുടെ മറുപടിയിൽ ഉൾപ്പെടുത്താതെ ജെ എൻ യു അധികൃതരുടെ നടപടി കുറ്റകൃത്യങ്ങൾ നടത്താൻ വെളിയിൽ നിന്നെത്തിയ അക്രമികൾക്കും ബി ജെ പി ഭരണകക്ഷി അനുകൂല സംഘടനയായ എ ബി വി പിയുടെയും ഒത്താശ ചെയ്യലാണ് എന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.

പ്രസ്തുത ദിവസം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സെക്യൂരിറ്റി ഗാർഡുകൾക്കു പരുക്ക് പറ്റിയെന്നു പറയുന്ന ജെ എൻ യു അധികൃതർ, അതെ സമയം വിദ്യാർത്ഥികൾക്ക് നേരെ അവരുടെ ഭാഗത്തു നിന്നും നടത്തിയ അതിക്രമങ്ങളെക്കുറിച്ചുള്ള വസ്തുതകൾ മനഃപൂർവം മറച്ചുപിടിക്കുന്നു.

ഇത്തരത്തിലാണ് വസ്തുതകളെ വളച്ചൊടിക്കാൻ ജെ എൻ യു അധികൃതരും കേന്ദ്ര സർക്കാരും ശ്രമിക്കുന്നതെങ്കിൽ അത് തന്നെയാണ് ജെ എൻ യു അക്രമ സംഭവത്തിന് പിന്നിലെ പോലീസ് അന്വേഷണം ഇഴഞ്ഞു നീങ്ങുന്നതിനും കാരണം.

ജെ എൻ യുവിൽ ഇപ്പോഴുള്ള വൈസ് ചാൻസലറുടെ കാലയളവിൽ നടന്ന നിയമനങ്ങളെ സംബന്ധിച്ചുള്ള തന്റെ ചോദ്യത്തിനും സർക്കാർ മറുപടി നൽകിയില്ലെന്നതും അത് ജെ എൻ യുവിൽ ആർ എസ് സംഘ് പരിവാർ ആഭിമുഖ്യമുള്ള അധ്യാപകരുടെ നിയമനം നടക്കുന്നു എന്ന ആരോപണം സാധൂകരിക്കുന്നതാണെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.

സർവകലാശാലകളെ അറിവിന്റെ ഇരിപ്പിടങ്ങൾ എന്ന ശ്രേഷ്ഠ പദവിയിൽ നിന്നും അക്രമത്തിന്റെ അധഃപതിച്ച ഇടങ്ങളാക്കി ചുരുക്കുകയാണ് മോഡി സർക്കാർ എന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.