വിദ്വേഷ വീഡിയോ നീക്കാന്‍ ബിജെപിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിർദേശം; നടപടി കോണ്‍ഗ്രസിന്‍റെ പരാതിയില്‍

Jaihind Webdesk
Tuesday, May 7, 2024

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് മുസ്‌ലിം പ്രീണനത്തിന് ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ചിത്രീകരിക്കുന്ന വീഡിയോ നീക്കാന്‍ ബിജെപിക്ക് നിര്‍ദേശം. കര്‍ണ്ണാടക ബിജെപിയുടെ എക്‌സ് ഹാന്‍ഡിലിലെ വിദ്വേഷ വീഡിയോ നീക്കാനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിർദേശം നല്‍കിയിരിക്കുന്നത്. വീഡിയോക്കെതിരെ കോണ്‍ഗ്രസ് പരാതി നല്‍കി മൂന്ന് ദിവസം കഴിഞ്ഞാണ് നടപടി.

ശനിയാഴ്ചയാണ് ബിജെപിയുടെ കര്‍ണാടക ഘടകത്തിന്‍റെ സോഷ്യല്‍ മീഡിയ പേജില്‍ പതിനേഴ് സെക്കന്‍റ് ദൈര്‍ഘ്യമുള്ള അനിമേറ്റഡ് വീഡിയോ പോസ്റ്റ് ചെയ്തത്. പിന്നാക്കവിഭാഗങ്ങള്‍ക്ക് അവകാശപ്പെട്ട സംവരണവും ധനസഹായവുമെല്ലാം കോണ്‍ഗ്രസ് അട്ടിമറിയിലൂടെ മുസ്‌ലിങ്ങള്‍ക്ക് നല്‍കുന്നെന്നുമാണ് ബിജെപി എക്‌സില്‍ പങ്കുവെച്ച വീഡിയോയുടെ ഉള്ളടക്കം. കോണ്‍ഗ്രസ് പാർട്ടിക്കെതിരായ ഈ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതൃത്വം തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു.

ബിജെപി കര്‍ണാടക ഘടകം എക്‌സില്‍ പങ്കുവെച്ചിട്ടുള്ള വീഡിയോ തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ലംഘിക്കുന്ന തരത്തിലുള്ളതാണെന്നും അതുകൊണ്ടുതന്നെ ആ വീഡിയോ പിന്‍വലിക്കാനുള്ള നടപടി എടുക്കണമെന്നും ആവശ്യപ്പെട്ടു.  ഈ വിഷയത്തില്‍ പോലീസ് എഫ്ഐആര്‍.തയ്യാറാക്കിയിട്ടുള്ളതായും തിരഞ്ഞെടുപ്പ് കമ്മീഷന്‍ എക്‌സ് അധികൃതര്‍ക്ക് അയച്ച കത്തില്‍ വ്യക്തമാക്കി.