എറണാകുളത്ത് മഞ്ഞപ്പിത്തം നിയന്ത്രണ വിധേയം; പ്രതിരോധ പ്രവർത്തനങ്ങളുമായി ആരോഗ്യ വകുപ്പ്

Jaihind Webdesk
Sunday, May 19, 2024

 

കൊച്ചി: എറണാകുളം ജില്ലയില്‍ മഞ്ഞപ്പിത്തം നിയന്ത്രണ വിധേയമെന്ന മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്. വേങ്ങൂരില്‍ മാത്രം ഒരു മാസത്തിനിടെ മഞ്ഞപ്പിത്തം ബാധിച്ചത് 221 പേര്‍ക്കാണ്. നിലവില്‍ 31 പേരാണ് മഞ്ഞപ്പിത്തം ബാധിച്ച് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ഇതില്‍ നാല് പേരുടെ നില ഗുരുതരമായി തുടരുകയാണ്.  ജല അതോറിറ്റിയുടെ കുടിവെള്ളത്തില്‍  നിന്നുമാണ് രോഗം പടർന്നത്. തുടർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിക്കുകയും വേങ്ങൂര്‍ പഞ്ചായത്തില്‍ സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തുകയും ചെയ്തു. സംഭവത്തില്‍ മജിസ്ട്രേറ്റ് തല അന്വേഷണവും നടക്കുന്നുണ്ട്.  അതേസമയം എറണാകുളം കളമശ്ശേരിയില്‍ മൂന്ന് പേര്‍ക്ക് കൂടി മഞ്ഞപ്പിത്തം ബാധിച്ചതായി അറിയിച്ചു. നെടുമ്പാശ്ശേരി, ആലുവ, മട്ടാഞ്ചേരി, കോതമംഗലം, മൂവാറ്റുപുഴ തുടങ്ങിയ ഇടങ്ങളിലും രോഗബാധ കണ്ടെത്തിയിട്ടുണ്ട്.