ആർഎസ്എസിനെ തള്ളി ബിജെപി; ഭരണം നഷ്ടമാകുമെന്ന് ഉറപ്പായതോടെ ഭിന്നത രൂക്ഷം

Jaihind Webdesk
Saturday, May 18, 2024

 

തിരുവനന്തപുരം: ബിജെപിക്ക് ആർഎസ്എസിനെ കൂടിയേതീരൂ എന്ന കാലം കഴിഞ്ഞെന്ന ജെ.പി. നദ്ദയുടെ പ്രസ്താവന ആർഎസുമായുള്ള ബിജെപിയുടെ അകൽച്ചയും തിരഞ്ഞെടുപ്പ് പരാജയം ഉറപ്പായതിനാലുള്ള രാഷ്ട്രീയ നീക്കവുമായാണ് നിരീക്ഷകർ വിലയിരുത്തുന്നത്. ബിജെപി- ആർഎസ്എസ് നയങ്ങളിൽ നിന്ന് വ്യതിചലിക്കുന്നതായും ആർഎസ്എസിന്‍റെ ആശയങ്ങൾ നടപ്പാക്കാൻ പരിശ്രമിക്കുന്നില്ലെന്നുമുള്ള ആർഎസ്എസ് വിമർശനങ്ങൾ നിലനിൽക്കെയാണ് ബിജെപി അധ്യക്ഷന്‍റെ മറുപടി. രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങിൽ മോഹൻ ഭാഗവതിനെ കാഴ്ചക്കാരനാക്കി മോദി കർമ്മി സ്ഥാനം ഏറ്റെടുത്തതോടെ അകൽച്ച പരസ്യമായിരുന്നു.

ആർഎസ്എസിന്‍റെ പിന്തുണയിൽ പ്രവർത്തിച്ചിരുന്ന ബിജെപി ഇന്ന് സ്വന്തം കാലിൽ നിൽക്കാനുള്ള പ്രാപ്തി നേടിയെന്ന് പാർട്ടി ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദ പറയുമ്പോൾ രാഷ്ട്രീയമാനങ്ങള്‍ നിരവധിയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്ക് കടക്കുന്നതിന് മുമ്പ് നരേന്ദ്ര മോദിയും അമിത് ഷായും ആർഎസ്എസ് നേതൃത്വവുമായി പഴയ അടുപ്പം കാത്തുസൂക്ഷിക്കാൻ ശ്രമങ്ങൾ നടത്തിയെങ്കിലും ഫലം കണ്ടിരുന്നില്ല. രണ്ടാം മോദി സർക്കാരിന്‍റെ കാലത്ത് ബിജെപി, ആർഎസ്എസ് നയങ്ങളിൽ നിന്ന് വ്യതിചലിക്കുന്നതായും അതിന്‍റെ ആശയങ്ങൾ നടപ്പാക്കാൻ പരിശ്രമിക്കുന്നില്ലെന്നും ആർഎസ്എസിനോട് ചേർന്നുനിൽക്കുന്നവരും തീവ്ര ഹിന്ദുത്വവാദികളും വിമർശിച്ചിരുന്നു. പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കുന്നത് അടക്കമുള്ള കേന്ദ്രസർക്കാർ നയങ്ങളിൽ ആർഎസ്എസിന് കടുത്ത എതിർപ്പുണ്ടെന്നും വാർത്തകൾ പുറത്തുവന്നിരുന്നു. ഇതിനു പുറമെ രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങിൽ മോദി കർമ്മിസ്ഥാനം സ്വയം ഏറ്റെടുത്ത മുന്നോട്ടുവന്നപ്പോൾ
സർസംഘ് ചാലക് മോഹൻ ഭാഗവത് കാഴ്ചക്കാരനായി നോക്കിനിക്കേണ്ടിവന്നതും സംഘത്തെ ചൊടിപ്പിച്ചു. മോദി ആർഎസ് എസിനേക്കാളും വളർന്നുവെന്ന വിലയിരുത്തലും സംഘത്തിനിടയിലുണ്ട്. എന്നാൽ തിരഞ്ഞെടുപ്പ് തോൽവി ഉറപ്പായതോടെയാണ് ഇപ്പോൾ ബിജെപി നേതൃത്വം ആർഎസ്എസിനെ തിടുക്കത്തിൽ തള്ളിപ്പറയാനുള്ള പ്രധാന കാരണമായി രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. 400 സീറ്റ് നേടുമെന്ന് പാർലമെന്‍റിനകത്തും പുറത്തും അവകാശപ്പെട്ട പ്രധാനമന്ത്രി കഴിഞ്ഞ ദിവസം 400 സീറ്റെന്ന് താൻ അവകാശപ്പെട്ടിരുന്നില്ലെന്ന് പറഞ്ഞ് രംഗത്തെത്തിയിരുന്നു.

നാലു ഘട്ടങ്ങളിലെ തിരഞ്ഞെടുപ്പ് പൂർത്തിയായപ്പോൾ പരാജയം മണത്ത മോദിയും കൂട്ടരും ആർഎസ്എസിനെ തള്ളിപ്പറഞ്ഞ് നാല് വോട്ട് നേടാനാകുമോ എന്ന ലക്ഷ്യത്തിലണിപ്പോൾ. ആർഎസ്എസ് ഒരു സാംസ്‌കാരിക സംഘടനയാണെന്ന് നദ്ദ പറയുമ്പോൾ അക്കാര്യം തിരിച്ചറിയാൻ ബിജെപിയും മോദിയും ഇത്ര വൈകിപ്പോയതെന്തെന്നും രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. യോഗി ആദിത്യനാഥും ഹിമന്ത ബിശ്വ ശർമ്മയും പോലുള്ള ബിജെപി നേതാക്കൾ തിരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗങ്ങളിൽ കാശിയിലെയും മഥുരയിലെയും ക്ഷേത്രങ്ങളെക്കുറിച്ച് സംസാരിച്ചിരുന്നു. എന്നാൽ ഈ രണ്ട് ക്ഷേത്രങ്ങളും അജണ്ടയിലില്ലെന്നും നദ്ദ അഭിമുഖത്തിൽ വ്യക്തമാക്കുമ്പോൾ ലക്ഷ്യം മതനിരപേക്ഷ വോട്ടുകളാണെന്ന് വ്യക്തം.