‘സംവാദത്തിന് ഞാന്‍ തയാർ; മോദിക്ക് ഭയം, വരില്ലെന്നത് ഉറപ്പാണ്’; വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി

Jaihind Webdesk
Sunday, May 19, 2024

 

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നോട് സംവാദത്തിന് തയാറാകാതെ ഭയപ്പെട്ട് ഒളിച്ചോടുകയാണെന്ന് രാഹുൽ ഗാന്ധി. ചില മുതിർന്ന മാധ്യമപ്രവർത്തകരും വ്യക്തിത്വങ്ങളും ജനാധിപത്യത്തിൽ സംവാദം വേണമെന്ന് പറഞ്ഞ് തനിക്കും മോദിക്കും കത്തെഴുതിയിരുന്നുവെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. മോദിയുമായി എപ്പോൾ വേണമെങ്കിലും സംവാദത്തിന് താൻ ഒരുക്കമാണ്. എന്നാല്‍ മോദി ഇതിന്  തയാറാവില്ലെന്നും രാഹുല്‍ ഡൽഹിയിൽ പറഞ്ഞു.

ജനാധിപത്യത്തിൽ സംവാദം നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും തനിക്കും ചില മുതിർന്ന മാധ്യമപ്രവർത്തകരും വ്യക്തിത്വങ്ങളും ആഴ്ചകൾക്ക് മുമ്പ് കത്തയച്ചിരുന്നു. താനും ഇക്കാര്യം നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടിരുന്നു. അദ്ദേഹം സംവാദത്തിന് വന്നാൽ താൻ ചില ചോദ്യങ്ങൾ ചോദിക്കുമെന്ന് മോദി ഭയപ്പെടുന്നു. അദാനിയുമായുള്ള നിങ്ങളുടെ ബന്ധം എന്താണെന്നും എന്തുകൊണ്ടാണ് നിങ്ങൾ ഇലക്ടറൽ ബോണ്ടുകളുടെ പേരിൽ ഇഡിയും സിബിഐയും വേട്ടയാടുന്നവരിൽ നിന്നും സംഭാവന സ്വീകരിച്ചതെന്നും കർഷകർക്കെതിരെ കരിനിയമങ്ങൾ കൊണ്ടുവന്നതിനെക്കുറിച്ചും ചോദിക്കും.

കൊറോണയിൽ ആളുകൾ മരിക്കുമ്പോൾ ജനങ്ങളോട് പാത്രംകൊട്ടാനും മൊബൈല്‍ ലൈറ്റുകള്‍ തെളിക്കാനും ആവശ്യപ്പെട്ടതെന്നും എന്തുകൊണ്ടാണ് നിങ്ങൾ അഗ്നിവീർ യോജന കൊണ്ടുവന്നതെന്നുമുള്ള ചോദ്യങ്ങൾ താൻ പ്രധാനമന്ത്രിയോട് ചോദിക്കും. ഈ ചോദ്യങ്ങളെ പ്രധാനമന്ത്രി ഭയപ്പെടുന്നതായും രാഹുൽ ഗാന്ധി പ്രസംഗത്തിൽ പറഞ്ഞു.
നരേന്ദ്ര മോദിയുമായി എപ്പോൾ വേണമെങ്കിലും സംവാദത്തിന് താൻ തയാറാണ്. എന്നാൽ നരേന്ദ്ര മോദി തിരഞ്ഞെടുപ്പ് പൂർത്തിയാക്കുന്നതിന് മുമ്പ് സംവാദത്തിന് തയാറാകില്ലെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.