ഡ്യൂട്ടി സമയം കഴിഞ്ഞു, തെറ്റായ ട്രാക്കില്‍ ഗുഡ്സ് ട്രെയിന്‍ നിർത്തിയിട്ട് ലോക്കോ പൈലറ്റ് പോയി; സംഭവം കാഞ്ഞങ്ങാട് സ്റ്റേഷനില്‍

Jaihind Webdesk
Sunday, May 19, 2024

 

കാസറഗോഡ്: കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനില്‍ തെറ്റായ ട്രാക്കിൽ ഗുഡ്സ് ട്രെയിൻ നിർത്തിയിട്ട ശേഷം ലോക്കോ പൈലറ്റ് ഇറങ്ങിപ്പോയി. യാത്രാ ട്രെയിനുകൾ എത്തിച്ചേരുന്ന ഒന്നാം നമ്പർ പ്ലാറ്റ്‍ഫോമിലാണ് ട്രെയിൻ നിർത്തിയിട്ടത്. ഗുഡ്സ് ട്രെയിൻ ലോക്കോ പൈലറ്റിന്‍റെ ജോലിസമയം കഴിഞ്ഞതോടെ ഇയാൾ പോവുകയായിരുന്നു എന്നാണ് വിവരം.

ഗുഡ്സ് ട്രെയിന്‍ നിർത്തിയിട്ടതോടെ കാഞ്ഞങ്ങാട് സ്റ്റോപ്പുള്ള പാസഞ്ചര്‍ ട്രെയിനുകള്‍ക്ക് ഒന്നാം പ്ലാറ്റ്‍ഫോമില്‍ നിര്‍ത്താൻ കഴിയാതെയായി. ട്രെയിനുകൾ എത്താതായതോടെ യാത്രക്കാരും വലഞ്ഞു. ഷൊർണൂർ ഭാഗത്തേയ്ക്ക് പോകേണ്ട ട്രെയിനുകളാണ് പ്ലാറ്റ്‍ഫോം ഒന്നിൽ നിര്‍ത്തുന്നത്. ഏറെ സമയം കഴിഞ്ഞിട്ടും ട്രെയിൻ ഇവിടെ നിന്നും നീക്കിയിട്ടില്ല. ഇതുസംബന്ധിച്ച് റെയില്‍വേയുടെ ഭാഗത്തുനിന്ന് വിശദീകരണം ഉണ്ടായിട്ടില്ല.