സിദ്ധാർത്ഥന്‍ കേസില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥയ്ക്ക് സ്ഥാനക്കയറ്റം

Jaihind Webdesk
Sunday, May 19, 2024

 

കല്‍പ്പറ്റ: പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ റാഗിംഗിന് ഇരയായി മരിച്ച സിദ്ധാർത്ഥന്‍റെ കേസിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥയ്ക്ക് സ്ഥാനക്കയറ്റം നല്‍കി സർക്കാർ. ആഭ്യന്തര വകുപ്പിലെ സെക്ഷൻ ഓഫീസർ ബിന്ദുവിനാണ് സ്ഥാനക്കയറ്റം നൽകിയത്. തുറമുഖ വകുപ്പിൽ അണ്ടർ സെക്രട്ടറിയായാണ് സ്ഥാനക്കയറ്റം നൽകിയിരിക്കുന്നത്.

സിബിഐക്ക് കേസ് രേഖകൾ കൈമാറുന്നതിൽ വലിയ വീഴ്ച വരുത്തിയതിനാണ് ബിന്ദു ഉൾപ്പെടെ മൂന്നുപേർക്കെതിരെ നടപടി എടുത്തത്. ഇതേതുടർന്ന് ബിന്ദു ഉൾപ്പെടെ മൂന്നുപേരെ സസ്പെൻഡ് ചെയ്തിരുന്നു. പിന്നീട് ഇവരെ മതിയായ അന്വേഷണം നടത്താതെ തിരിച്ചെടുത്തതും വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് ഇവർക്ക് സ്ഥാനക്കയറ്റം കൂടി നല്‍കിയിരിക്കുന്നത്.