വാഹനം ഇടിച്ച് വയോധിക മരിച്ചു; 5 മാസം നീണ്ട അന്വേഷണത്തിനൊടുവില്‍ ഹൈദരാബാദ് സ്വദേശി അറസ്റ്റില്‍

Jaihind Webdesk
Saturday, May 18, 2024

 

കോട്ടയം: മുണ്ടക്കയത്ത് വാഹനം ഇടിച്ചു വയോധിക മരിച്ച സംഭവത്തിൽ നിർത്താതെ പോയ സംഭവത്തില്‍ അഞ്ചുമാസത്തിനു ശേഷം ഹൈദരാബാദ് സ്വദേശിയെ അറസ്റ്റ് ചെയ്തു. മുണ്ടക്കയം പോലീസാണ് ഹൈദരാബാദിൽ നിന്നും അപകടമുണ്ടാക്കിയ എർട്ടിഗ കാർ കണ്ടെത്തിയത്. അപകട സമയത്ത് വാഹനം ഓടിച്ചത് ദിനേശ് റെഡ്ഡി എന്ന ആളെയും പോലീസ് കസ്റ്റഡിയിൽ എടുത്തു.

കഴിഞ്ഞ ഡിസംബർ 15 ന് കോരുത്തോട് പനക്കച്ചിറയിലായിരുന്നു അപകടം. എൺപത്തിയെട്ടുകാരി തങ്കമ്മയാണ് ശബരിമല തീർത്ഥാടകരുടെ വാഹനം ഇടിച്ച് മരിച്ചത്. പനക്കച്ചിറയിലേക്ക് നടന്നു പോകുകയായിരുന്ന തങ്കമ്മയെ തെറ്റായ ദിശയിലെത്തിയ കാർ ഇടിച്ചു വീഴ്ത്തുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ തങ്കമ്മ മരിച്ചു.

ഒട്ടേറെ വാഹനങ്ങൾ ഒരേ സമയം പോയതിനാൽ വാഹനത്തിന്‍റെ നമ്പർ കണ്ടെത്താൻ കഴിഞ്ഞില്ല.  ഇടിച്ച വാഹനത്തെക്കുറിച്ച് വ്യക്തതയില്ലായിരുന്നു. ഇടുക്കി, കോട്ടയം ജില്ലകളിലെ നൂറോളം സിസി ടിവികൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഹൈദരാബാദ് സ്വദേശി ദിനേശ് റെഡ്ഡിയിലേക്ക്  മുണ്ടക്കയം പോലീസ് എത്തിയത്. സിസി ടിവികൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് വഴിത്തിരിവായതെന്ന് മുണ്ടക്കയം സിഐ പറഞ്ഞു. വാടകയ്ക്ക് എടുത്ത വാഹനത്തിലാണ് ഹൈദരാബാദ് സ്വദേശികൾ ശബരിമലയിലേക്ക് വന്നത്.