റാന്നിയില്‍ നിർമ്മാണം പൂർത്തിയായതിന് പിന്നാലെ പൊളിഞ്ഞടുങ്ങി റോഡ്; പ്രതിഷേധവുമായി നാട്ടുകാർ

Jaihind Webdesk
Tuesday, May 7, 2024

പത്തനംതിട്ട: നിർമ്മാണം പൂർത്തിയായി ആഴ്ചകൾ കഴിയും മുമ്പ് റോഡ് തകർന്നു. റാന്നി ഇണ്ടായിക്കൽ അത്തിക്കയം റോഡിന്‍റെ നിർമ്മാണത്തിൽ തുടക്കം മുതൽ തന്നെ അപാകതയുണ്ടെന്നാണ് നാട്ടുകാരുടെ പരാതി. ഉന്നത നിലവാരത്തിൽ പണിത റോഡിൽ കരാർ പ്രകാരമുള്ള മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ലെന്ന് വിവരാവകാശരേഖ വ്യക്തമാക്കുന്നു.

നാല് സെന്‍റീമീറ്റർ കനത്തിൽ ടാറിംഗ് നടത്തണം, എന്നാൽ പലയിടത്തും രണ്ട് സെന്‍റീമീറ്റർ പോലുമില്ല. നിർമ്മാണ ഘട്ടത്തിൽ നാട്ടുകാർ പരാതി ഏറെ പറഞ്ഞിട്ടും കരാറുകാരനോ പിഡബ്ല്യുഡി ഉദ്യോഗസ്ഥരോ ഇതൊന്നും വകവച്ചില്ല. ടാറിംഗ് പൂർത്തീകരിച്ച ഇടങ്ങളിൽ ചെറുകുഴികൾ രൂപപ്പെടുകയും റോഡിൽ വിള്ളലുകൾ ഉണ്ടാവുകയും ചെയ്തതോടെ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനും പിഡബ്ല്യുഡിക്കും വിജിലൻസിനും നാട്ടുകാർ പരാതി നൽകി. യാതൊരു നടപടിയും ഉണ്ടാകാതെ വന്നതോടെ നാട്ടുകാർ ആക്ഷൻ കൗൺസിൽ രൂപീകരിച്ച് സമരപരിപാടികൾക്ക് രൂപം നൽകിയതോടെ കരാറുകാരൻ എത്തി പൊളിഞ്ഞ ഇടങ്ങൾ ജെസിബി വെച്ച് നീക്കി തുടങ്ങി.

നിർമ്മാണത്തിലെ അപാകത നീക്കാൻ റോഡ് മുഴുവനായും പൊളിച്ച് പുനഃർനിർമ്മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കരാർ പ്രകാരമുള്ള യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെയാണ് റോഡ് ടാറിംഗ് നടത്തിയതെന്ന് വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു. മാത്രമല്ല ക്വാളിറ്റി കൃത്യതയും പാലിച്ചിട്ടില്ല. കരാർ പ്രകാരമുള്ള മാനദണ്ഡങ്ങൾ പാലിക്കാതെ റോഡ് നിർമ്മാണത്തിന് ഒത്താശ നൽകിയ ഉദ്യോഗസ്ഥർക്കെതിരയും കരാറുകാരനെതിരയും നടപടി വേണമെന്നാണ് ആക്ഷൻ കൗൺസിൽ ആവശ്യപ്പെടുന്നത്. കാലവർഷമെത്തുന്നതോടെ റോഡ് സഞ്ചാരയോഗ്യമല്ലാതാകുമെന്ന ആശങ്കയും നാട്ടുകാർക്കുണ്ട്. ഉദ്യോഗസ്ഥരും കരാറുകാരനും ചില രാഷ്ട്രീയക്കാരും തമ്മിലുള്ള അന്തർധാരയാണ് റോഡിന്‍റെ ഗതി ഇങ്ങനെയായതിന് പിന്നിൽ എന്നും ആക്ഷൻ കൗൺസിൽ ആരോപിക്കുന്നു.