‘കോണ്‍ഗ്രസിന്‍റെ തിരഞ്ഞെടുപ്പ് പ്രചാരണം അട്ടിമറിക്കാന്‍ ശ്രമം’; തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ നോട്ടീസിന് മറുപടിയുമായി മല്ലികാർജുന്‍ ഖാർഗെ

Jaihind Webdesk
Wednesday, May 8, 2024

 

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ നോട്ടീസിന് മറുപടിയുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാർജുന്‍ ഖാർഗെ. തനിക്കും രാഹുൽ ഗാന്ധിക്കും എതിരായ ബിജെപിയുടെ പരാതി അടിസ്ഥാനരഹിതമാണെന്നും കോൺഗ്രസിന്‍റെ തിരഞ്ഞെടുപ്പ് പ്രചാരണം അട്ടിമറിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും മല്ലികാർജുൻ ഖാർഗെ മറുപടിയിൽ വിശദീകരിച്ചു.

തന്‍റെയും രാഹുലിന്‍റെയും പ്രസ്താവനകൾ ന്യായീകരിക്കാവുന്നതും ബിജെപി നേതാക്കൾ പറഞ്ഞതിനെ അടിസ്ഥാനമാക്കിയുമുള്ളതാണ്. തങ്ങളുടേത് ന്യായമായ രാഷ്ട്രീയ അഭിപ്രായമാണ്. എന്നാല്‍ ബിജെപി അവയെ വികലമായി വ്യാഖ്യാനിക്കുകയായിരുന്നുവെന്ന് ഖാർഗെ ചൂണ്ടിക്കാട്ടി. ബിജെപി നേതാക്കൾ വിഭജന, വർഗീയ പ്രസംഗങ്ങൾ നടത്തിയ പരാതികളിൽ കമ്മീഷൻ നിയമലംഘനം കാണാറില്ലെന്ന വിമർശനവും അദ്ദേഹം ഉന്നയിച്ചു. പരാതിക്ക് പിന്നിൽ തെറ്റായ അനുമാനവും പ്രേരണയുമാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ നോട്ടീസിന് നൽകിയ മറുപടിയിൽ മല്ലികാർജുന്‍ ഖാർഗെ വിശദീകരിച്ചു.

ബിജെപി ഭരണഘടന മാറ്റുമെന്ന് മല്ലികാർജുന്‍ ഖാർഗെയും രാഹുല്‍ ഗാന്ധിയും പറഞ്ഞതായും രാജ്യത്ത് വിഭജനമുണ്ടാക്കുന്ന പരാമർശങ്ങൾ നടത്തി എന്നുമായിരുന്നു ബിജെപിയുടെ പരാതി. പ്രധാനമന്ത്രി മോദിയുടെ പരാമർശത്തിനെതിരെ കോൺഗ്രസ് നല്‍കിയ പരാതിയിൽ ബിജെപി അധ്യക്ഷൻ ജെ.പി. നദ്ദയ്ക്കും തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് അയച്ചിരുന്നു.