വാളയാർ കേസ് : പൊലീസിന് വീഴ്ച പറ്റിയെന്ന് എസ്.പി

Jaihind News Bureau
Monday, February 10, 2020

കൊച്ചി : വാളയാർ പീഡന കേസിലെ പ്രാഥമിക അന്വേഷണത്തിൽ വീഴ്ച സംഭവിച്ചുവെന്ന് പാലക്കാട്‌ എസ്.പി ശിവ വിക്രം ജുഡീഷ്യൽ കമ്മീഷന് മൊഴി നൽകി.  കേസിന്‍റെ വിചാരണ ഘട്ടത്തിൽ  വീഴ്ച സംഭവിച്ചു എന്നാണ് കോടതി ഉത്തരവിൽ നിന്നും താൻ മനസിലാക്കുന്നതെന്നും എസ്.പി കമ്മീഷനോട് പറഞ്ഞു. ആലുവയിൽ നടന്ന സിറ്റിംഗിലാണ് എസ്.പി ശിവ വിക്രം ജുഡീഷ്യൽ കമ്മീഷൻ ജസ്റ്റിസ് ഹനീഫയ്ക്ക് മുമ്പാകെ മൊഴി നൽകിയത്. 15 ന് പാലക്കാട്‌ നടക്കുന്ന സിറ്റിംഗോടെ കമ്മീഷന്‍റെ അന്വേഷണം പൂർത്തിയാകും.

വാളയാറിൽ ദൂരൂഹ സാഹചര്യത്തിൽ മരിച്ച പെൺകുട്ടികളുടെ കേസിൽ പ്രതികളെ വെറുതെ വിട്ട സാഹചര്യത്തിലാണ് ജുഡീഷ്യൽ  അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടത്.  വിചാരണ ഘട്ടത്തിലാണോ, അന്വേഷണ ഘട്ടത്തിലാണോ പ്രതികൾ രക്ഷപ്പെടാനുള്ള സാഹചര്യമുണ്ടായതെന്നാണ് കമ്മീഷൻ പരിശോധിക്കുന്നത്. ഇതിന്‍റെ ഭാഗമായാണ് പാലക്കാട്‌ എസ്.പി ശിവ വിക്രമിൽ നിന്നും കമ്മീഷൻ ഇന്ന് മൊഴി എടുത്തത്.  ഡി.വൈ.എസ്.പി  സോജന്‍റെ  നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന് വീഴ്ച സംഭവിച്ചിട്ടില്ല എന്നാണ് ശിവ വിക്രം മൊഴി നൽകിയത്. എന്നാൽ പ്രാഥമിക അന്വേഷണത്തിൽ കേസ് ആദ്യം അന്വേഷിച്ച എസ്.ഐ പി.സി ചാക്കോയ്ക്ക് അന്വേഷത്തിൽ വീഴ്ച സംഭവിച്ചെന്ന് എസ്.പി കമ്മീഷന് മൊഴി നൽകി. കേസിൽ തെളിവുകൾ ശേഖരിക്കുന്നതിലും അറസ്റ്റ് ചെയ്യുന്നതിലും എസ്.ഐക്ക് വീഴ്ച സംഭവിച്ചെന്നും എസ്.പി മൊഴി നൽകിയിട്ടുണ്ട്. പ്രോസിക്യൂഷന് വീഴ്ച സംഭവിച്ചു എന്നാണ്  കോടതി ഉത്തരവിൽ നിന്നും  താൻ മനസിലാക്കുന്നതെന്നും കമ്മീഷന് മുൻപിൽ എസ്.പി ശിവ വിക്രം പറഞ്ഞു.

വരുന്ന 15 ന് പാലക്കാട് നടക്കുന്ന സിറ്റിംഗോടെ കമ്മീഷന്‍റെ തെളിവെടുപ്പ് പൂർത്തിയാകും. കൊല്ലപ്പെട്ട പെൺകുട്ടികളുടെ മാതാ പിതാക്കളെയും, പ്രോസിക്യൂട്ടർമാരിൽ ഒരാളായ ജലജ മാധവനിൽ നിന്നും കമ്മീഷൻ മൊഴി എടുക്കും. പാലക്കാട്‌ ജില്ലാ പോലീസ് മേധാവികളായിരുന്ന ദേവേഷ് കുമാർ ബഹറ,  പ്രതീഷ് കുമാർ എന്നിവരിൽ നിന്നും മൊഴി എടുക്കാനുണ്ട്. ഇതിന് ശേഷം ഉടൻ റിപ്പോർട്ട്‌ സർക്കാറിന് സമർപ്പിക്കാനാണ് ജസ്റ്റിസ് ഹനീഫ അധ്യക്ഷനായ ഏകാംഗ കമ്മീഷന്‍റെ തീരുമാനം.