വാളയാറില്‍ സി.ബി.ഐ അന്വേഷണം തന്നെ വേണം : മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind News Bureau
Thursday, November 21, 2019

Mullapaplly-Ramachandran

വാളയാറില്‍ രണ്ട് ദളിത് പെണ്‍കുട്ടികളെ പീഡിപ്പിച്ച് കൊന്ന സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണമല്ല സി.ബി.ഐ അന്വേഷണം തന്നെയാണ് വേണ്ടതെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. യഥാര്‍ത്ഥ പ്രതികളെ പിടികൂടി നിയമത്തിന്‍റെ മുന്നില്‍ കൊണ്ടുവരാന്‍ സി.ബി.ഐ അന്വേഷണത്തിലൂടെ മാത്രമേ കഴിയു. ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച മന്ത്രിസഭാ തീരുമാനം അംഗീകരിക്കാനാവില്ല. സി.പി.എമ്മുകാരായ പ്രതികളെ രക്ഷിക്കാനായുള്ള മറ്റൊരു ഗൂഢനീക്കമായി മാത്രമേ ഈ തീരുമാനത്തെ കാണാനാകൂവെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

കൊലയാളികള്‍ക്ക് രക്ഷപ്പെടാനുള്ള സാഹചര്യം ഒരുക്കി നീതിനിഷേധിക്കുന്ന ഈ നടപടി കുറ്റവാളികളെ പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമാണ്. സി.ബി.ഐ അന്വേഷണമെന്ന ആവശ്യം കോണ്‍ഗ്രസ് തുടക്കം മുതല്‍ ഉന്നയിച്ചതാണ്. എന്നാല്‍ സര്‍ക്കാരിന് സി.ബി.ഐ അന്വേഷണത്തോട് ഒട്ടും താല്‍പര്യമില്ല. സാങ്കേതികത്വം ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചത്.

അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്ത നിരവധി ജുഡീഷ്യല്‍ കമ്മീഷനുകള്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്. ഇതുവരെ നടന്ന മിക്ക ജുഡീഷ്യല്‍ അന്വേഷണങ്ങളും അനന്തമായി നീണ്ടുപോകുകയും പ്രതികള്‍ രക്ഷപ്പെടുകയും ചെയ്യുന്നത് കേരളീയ പൊതുസമൂഹം കണ്ടിട്ടുണ്ട്. പോലീസും പ്രോസിക്യൂഷനും ഒത്തുകളിച്ച് സി.പി.എമ്മുകാരായ പ്രതികളെ രക്ഷപ്പെടുത്തിയ കേസാണിത്. ഹൈക്കോടതി പ്രഖ്യാപിക്കുന്ന ജുഡീഷ്യല്‍ അന്വേഷണങ്ങള്‍ക്ക് ഒരു സ്വീകാര്യതയുണ്ട്. മറിച്ചുള്ള പല ജുഡീഷ്യല്‍ അന്വേഷണങ്ങളും സര്‍ക്കാരിനെ സഹായിക്കുന്ന റിപ്പോര്‍ട്ടാണ് നല്‍കാറുള്ളതെന്ന ആക്ഷേപം പൊതുസമൂഹത്തിനുണ്ടെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.