ഡോണൾഡ് ട്രംപിനെ കുറ്റവിമുക്തനാക്കി യുഎസ് സെനറ്റ്

Jaihind News Bureau
Thursday, February 6, 2020

അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെ യുഎസ് സെനറ്റ് കുറ്റവിമുക്തനാക്കി. ട്രംപിനെതിരെ ജനപ്രതിനിധി സഭ കൊണ്ട് വന്ന ഇംപീച്ച്‌മെന്‍റ് പ്രമേയം അമേരിക്കൻ സെനറ്റ് വോട്ടിനിട്ട് തള്ളിയതോടെയാണ് ട്രംപ് കുറ്റവിമുക്തനായത്. ഇതോടെ 4 മാസം നീണ്ട ഇംപീച്ച്‌മെന്‍റ് നടപടികൾ അവസാനിച്ചു. അതേസമയം ഈ വിഷത്തിൽ ട്രാംപ് നാളെ പ്രതികരിക്കും.

പ്രതിപക്ഷമായ ഡെമോക്രാറ്റുകൾക്കു ഭൂരിപക്ഷമുള്ള യുഎസ് ജനപ്രതിനിധി സഭയിൽ കുറ്റവിചാരണയ്ക്കു ട്രംപ് വിധയനായിരുന്നു. അധികാരദുർവിനിയോഗം, കോൺഗ്രസിന്‍റെ പ്രവർത്തനം തടസ്സപ്പെടുത്തി എന്നീവയാണ് ട്രംപിനെതിരെ ചുമത്തിയ കുറ്റങ്ങൾ. ഇതോടെ സഭയിൽ ഇംപീച്ച് ചെയ്യപ്പെടുകയും സെനറ്റിന് മുൻപാകെ വിചാരണ ചെയ്യപ്പെടുകയും ചെയ്തു. അമേരിക്കൻ പ്രസിഡന്‍റിനെതിരായ രണ്ട് കുറ്റങ്ങളും വെവ്വേറെ വോട്ടിനിട്ടതിന് ശേഷമാണ് ട്രംപ് കുറ്റവിമുക്തനാണെന്ന് പ്രഖ്യാപിച്ചത്.

അധികാര ദുർവിനിയോഗം നടത്തിയെന്ന ആരോപണത്തിൽ 48 നെതിരെ 52 വോട്ടുകൾകൾക്കാണ് സെനറ്റ് തള്ളിയത്. ട്രംപിനെതിരായ ഇംപീച്ച്മെന്‍റ് പ്രമേയത്തെ റിപ്പബ്ലിക്കൻ സെനറ്റർ മിറ്റ് റോംനി അനുകൂലിച്ചിരുന്നു. കോൺഗ്രസിന്‍റെ പ്രവർത്തനം തടസ്സപ്പെടുത്തിയെന്ന കുറ്റത്തിൽ നിന്ന് 47നെതിരെ 53 വോട്ടുകൾക്കുമാണ് ട്രംപ് കുറ്റവിമുക്തനാക്കിയത്. ഇതോടെ 4 മാസം നീണ്ട ഇംപീച്ച്‌മെന്‍റ് നടപടികൾ അവസാനിപ്പിച്ചു. 100 അംഗങ്ങളുള്ള സെനറ്റിൽ 67 പേരുടെ പിന്തുണ കിട്ടിയാൽ മാത്രമേ ട്രംപിനെ പുറത്താക്കാനാവൂ. എന്നാൽ ട്രംപിന്‍റെ റിപ്പബ്ലിക്കൻ പാർട്ടിക്ക് സഭയിൽ ഭൂരിപക്ഷമുള്ളതിനാൽ അതിന് സാധിച്ചില്ല. പ്രസിഡന്‍റ് സ്ഥാനാർത്ഥി ജോ ബൈഡനും മകനും നേരെ അന്വേഷണം നടത്താൻ യുക്രൈനുമേൽ സമ്മർദം ചെലുത്തിയെന്ന കേസിന്മേലാണ് ട്രംപിനുനേരെ ഇംപീച്ച്മെന്‍റ് നടപടി തുടങ്ങിയത്. യു.എസിന്‍റെ ചരിത്രത്തിൽ സെനറ്റിൽ ഇംപീച്ച്മെന്‍റ് വിചാരണ നേരിടുന്ന മൂന്നാമത്തെ പ്രസിഡന്‍റാണ് ഡോണാൾഡ് ട്രംപ്.