ട്രംപിന്‍റെ സന്ദർശനത്തിന് മണിക്കൂറുകള്‍ മാത്രം ; ഇന്ത്യയുമായുള്ള വ്യാപാര കരാറില്‍ നിന്ന് പിന്മാറി യു.എസ്

Jaihind News Bureau
Sunday, February 23, 2020

ന്യൂഡല്‍ഹി : ട്രംപിന്‍റെ സന്ദർശനത്തോടെ യു.എസുമായി നിരവധി കരാറുകളില്‍ ഇന്ത്യ ഒപ്പിടുമെന്ന വാർത്തകള്‍ക്ക് അവസാന നിമിഷത്തില്‍ തിരിച്ചടി. യു.എസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ സന്ദർശനത്തിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ ഇന്ത്യയുമായുള്ള വ്യാപാര കരാറില്‍ നിന്ന് യു.എസ് പിന്മാറിയതായി റിപ്പോർട്ട്. ഒപ്പുവെക്കാന്‍ മണിക്കൂറുകള്‍ അവശേഷിക്കെയാണ് അമേരിക്കയുടെ പിന്മാറ്റം.

കഴിഞ്ഞ രണ്ടാഴ്ചയായി തുടർന്നുപോരുന്ന കരാര്‍ സംബന്ധമായ ചർച്ചകള്‍ക്കാണ് യു.എസ് നീക്കത്തില്‍ അപ്രതീക്ഷിത തിരിച്ചടിയായിരിക്കുന്നത്. കരാറുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമം നടക്കുന്നതിനിടെയാണ് അമേരിക്കയുടെ പിന്മാറ്റം. കരാറുമായി ബന്ധപ്പെട്ട് അമേരിക്കയ്ക്ക് അതൃപ്തി നിലനില്‍ക്കുന്നുണ്ടെന്നാണ് സൂചന. ട്രംപിന്‍റെ ഇന്ത്യാ സന്ദർശനത്തിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കെയാണ് യു.എസിന്‍റെ നീക്കം. സമഗ്രമായ കരാര്‍ മുന്നില്‍ക്കണ്ട് വിശദമായ ചര്‍ച്ചകള്‍ക്കായാണ് നിലവിലെ പിന്മാറ്റമെന്നും റിപ്പോർട്ടുകളുണ്ട്.

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി നാളെയാണ് (ഫെബ്രുവരി 24) ട്രംപ് ഇന്ത്യയിലെത്തുന്നത്. ട്രംപിന്‍റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് മോദി സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വിവാദമായിരുന്നു. ട്രംപും മോദിയും റോഡ് ഷോ നടത്തുന്ന ഗുജറാത്തിലെ ചേരിപ്രദേശം മതില്‍കെട്ടി മറച്ചത് വലിയ വിമര്‍ശനങ്ങള്‍ക്കാണ് വഴിയൊരുക്കിയത്. അഹമ്മദാബാദില്‍ പുതുതായി നിര്‍മ്മിച്ച മൊട്ടേര സ്റ്റേഡിയത്തിലാണ് ട്രംപ് എത്തുന്നത്.