ഇടിമുറി യൂണിവേഴ്സിറ്റി കോളേജില്‍ മാത്രമല്ല, SFIയുടെ ശക്തികേന്ദ്രങ്ങളായ പല കോളേജുകളിലുമെന്ന് സ്വതന്ത്ര ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോർട്ട്

Jaihind Webdesk
Monday, September 2, 2019

യൂണിവേഴ്സിറ്റി കോളേജിൽ മാത്രമല്ല ഇടിമുറിയെന്ന് സ്വതന്ത്ര ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ട്. എസ്.എഫ്.ഐ ശക്തികേന്ദ്രങ്ങളായ സംസ്ഥാനത്തെ മറ്റ് പല കോളേജുകളിലും യൂണിയൻ റൂമുകൾ ഇടിമുറികളായി പ്രവർത്തിക്കുന്നുണ്ടെന്ന് കമ്മീഷന്‍ കണ്ടെത്തി. ഇക്കാര്യം സംബന്ധിച്ച് കമ്മീഷൻ ഗവർണർക്ക് റിപ്പോർട്ട് നൽകും.

കലാലയങ്ങളിലെ മനുഷ്യാവകാശ ലംഘനങ്ങളെ പ്രതിരോധിക്കാൻ ഓംബുഡ്സ്മാൻ രൂപവൽക്കരിക്കണമെന്ന് സ്വതന്ത്ര ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ട്. പ്രസ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ 32 നിർദ്ദേശങ്ങൾ അടങ്ങുന്ന റിപ്പോർട്ടാണ് പ്രകാശനം ചെയ്തു. കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് പി.കെ ഷംസുദ്ദീൻ, യൂണിവേഴ്സിറ്റി കോളേജിൽ നടന്ന പീഡനശ്രമങ്ങളെ തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച നിഖില സജിത്തിന് നൽകി പ്രകാശനം നിർവഹിച്ചു

യൂണിവേഴ്സിറ്റി കോളേജിൽ വിദ്യാർത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെ തുടർന്നാണ് സംസ്ഥാനത്തെ കോളേജുകളിൽ നടക്കുന്ന അക്രസംഭവങ്ങളെക്കുറിച്ച്  ജസ്റ്റിസ് പി.കെ ഷംസുദ്ദീന്‍റെ നേതൃത്വത്തിൽ സ്വതന്ത്ര ജനകീയ ജുഡീഷ്യൽ കമ്മീഷൻ അന്വേഷണം ആരംഭിച്ചത്.   കലാലയങ്ങളിലെ മനുഷ്യാവകാശ ലംഘനങ്ങളെ പ്രതിരോധിക്കാൻ ഓംബുഡ്സ്മാൻ രൂപവൽക്കരിക്കുക, വനിതാ വിദ്യാർത്ഥികളുടെ പ്രശ്ന പരിഹാരത്തിനായി എല്ലാ കലാലയത്തിലും അഭ്യന്തര കമ്മറ്റി രൂപവൽക്കരിക്കുക തുടങ്ങി 32 ഇന നിർദ്ദേശങ്ങളാണ് റിപ്പോർട്ടിലുള്ളത്.

വിദ്യാർത്ഥി പ്രവേശനത്തിനായി സ്പോട്ട് അഡ്മിഷൻ സമ്പ്രദായം ഒഴിവാക്കണമെന്നും റാഗിംഗ് വിരുദ്ധ നിയമം കർശനമായി നടപ്പിലാക്കണമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. കോളേജ് പ്രവർത്തി സമയത്തിനുശേഷം വിദ്യാർത്ഥികൾ ക്യാമ്പസിൽ തങ്ങുന്ന പ്രവണത തടയണമെന്നും വൈസ് ചാൻസിലർ നിയമനം നടപ്പാക്കണമെന്നും റിപ്പോർട്ടിൽ നിർദ്ദേശിക്കുന്നു. യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാർത്ഥികൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ പുറത്തു വരാൻ താൻ കാരണമായതിൽ സന്തോഷമുണ്ടെന്ന് നിഖില സജിത്ത് വ്യക്തമാക്കി. ഇത് തന്‍റെ മാത്രം പ്രശ്നമായി കാണാതെ വിദ്യാർത്ഥി സമൂഹത്തിന്‍റെ മുഴുവൻ പ്രശ്നമായി കാണണമെന്നും നിഖില പറഞ്ഞു.

200 ഓളം പേർ കമ്മീഷന്‍ തെളിവെടുപ്പിൽ പങ്കെടുത്തു. യൂണിവേഴ്സിറ്റി കോളേജിന് പുറമേ ആർട്സ് കോളേജിലും എം.ജി കോളേജിലും എറണാകുളം മഹാരാജാസ് കോളേജിലും കോഴിക്കോട് മടപ്പള്ളി കോളേജിലും യൂണിയൻ റൂമുകൾ ഇടിമുറികളായി പ്രവർത്തിക്കുന്നുണ്ടെന്ന് കണ്ടെത്തി. ഗവർണർക്ക് സമർപ്പിച്ച റിപ്പോർട്ട് ഈ ആഴ്ച തന്നെ മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി, പ്രതിപക്ഷ നേതാവ്, സർവകലാശാല വൈസ് ചാൻസിലർമാർ എന്നിവർക്കും കൈമാറും.

സ്വതന്ത്ര ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോർട്ട്: